ഐശ്വര്യ കേരള യാത്ര കോണ്‍ഗ്രസിന് ഐശ്വര്യം കൊണ്ടുവരുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. താന്‍ പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. താന്‍ പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കുമെന്നും മുല്ലപ്പള്ളി മത്സരിക്കണമോ എന്നുള്ളത് മുല്ലപ്പള്ളിക്ക് തീരുമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് തിരിച്ചുവരവ് നടത്തുമെന്നതില്‍ വിശ്വാസമുണ്ട്. ലീഗ് അധികാരം കാണിക്കുന്നുവെന്ന പ്രചാരണം തെറ്റാണ്. ലീഗിനെതിരായ പ്രചാരണം സിപിഐഎമ്മിന് തിരിച്ചടിയാകുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
അതെസമയം, കഴിഞ്ഞ അഞ്ച് വര്‍ഷം കേരളത്തിന് പാഴായിപ്പോയെന്ന് ഉമ്മന്‍ ചാണ്ടി ആരോപിച്ചു. കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായി. വികസനമെന്നത് പ്രഖ്യാപിച്ചാല്‍ മാത്രം പോര. യാഥാര്‍ത്ഥ്യമാക്കണമെന്നും, ഈ സര്‍ക്കാര്‍ നാല് വോട്ടിന് വേണ്ടി വര്‍ഗീയത പറയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വെറുപ്പിന്റെയും വിധ്വേഷത്തിന്റെയും കൊലപാതകത്തിന്റെയും രാഷ്ട്രീയമാണ് എല്‍ഡിഎഫിനുള്ളതെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.
സര്‍ക്കാരിനെതിരെ രമേശ് ചെന്നിത്തല നിയമസഭയില്‍ ഉന്നയിച്ച കാര്യങ്ങള്‍ ശരിയാണെന്നു തെളിഞ്ഞു. ഒറു വിജയി ആയിട്ടാണ് ചെന്നിത്തല ജാഥ നയിക്കുന്നത്. സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമായെന്നും പുറംവാതിലിലൂടെയാണ് നിയമനം തകൃതിയായി നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സാഹചര്യം ഒരുക്കണം. ജനവികാരമറിയാത്ത സര്‍ക്കാരിനെ ആട്ടിപ്പുറത്താക്കാനാണ് ആ യാത്രയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.