പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിൻ്റെ ഐശ്വര്യ കേരള യാത്ര ആരംഭിച്ചു. കാസര്‍ഗോഡ് കുമ്പളയില്‍ നിന്ന് 5.30നാണ് യാത്രക്ക് തുടക്കമായത്. ജില്ലയിലെ പ്രധാന ആരാധനലായങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് യാത്ര.
നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കേരളം കടക്കുന്നതിന് മുന്നോടിയാണ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിൻ്റെ ഐശ്വര്യ കേരള യാത്ര.
കുമ്പളയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യാത്ര ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 5 വര്‍ഷം കേരളത്തിന് പാഴായി പോയെന്ന് ഉമ്മന്‍ ചാണ്ടി ആരോപിച്ചു. വികസന പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി. 140 നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന യാത്ര ഫെബ്രുവരി 22ന് തിരുവനന്തപുരത്താണ് സമാപിക്കുക.
യാത്രക്ക് മുമ്പായി ജില്ലയിലെ പ്രധാന ആരാധനാലയങ്ങള്‍ ചെന്നിത്തല സന്ദര്‍ശിച്ചിരുന്നു. തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയിലും പടന്നക്കാട് ഗുഡ് ഷെപ്പേര്‍ഡ് ചര്‍ച്ചിലും എടനീര്‍ മഠത്തിലും എത്തിയശേഷം പുരോഹിതന്‍മാരുമായയി കൂടിക്കാഴ്ചയും നടത്തി. ഇന്നലെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് രമേശ് ചെന്നിത്തല കാസര്‍ഗോട്ടെത്തിയത്. എന്നാല്‍ കൊല്ലൂരില്‍ വെച്ച് സോളാര്‍ കേസ് പരാതിക്കാരി തന്നെ കണ്ടു എന്ന ആരോപണം ചെന്നിത്തല നിഷേധിച്ചു.