വിവാദമായ കാലിക്കറ്റ് സര്‍വകലാശാല വിദ്യാഭ്യാസ വിഭാഗത്തിലെ അസിസ്റ്റൻ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നടക്കുന്ന നിയമനത്തില്‍ നിന്നും സിപിഎം നേതാവ് എ എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ പി എം ഷഹല പുറത്തായി. ഈ വിഭാഗത്തില്‍ രണ്ട് തസ്തികകള്‍ ആണുള്ളത്.
ഷഹലക്ക് മൂന്നാം റാങ്കായിരുന്നു ഉണ്ടായിരുന്നത്. ആദ്യ രണ്ട് റാങ്കുകാരുടെ നിയമനത്തിന് സിന്‍ഡിക്കറ്റ് അംഗീകാരം നല്‍കി. ഷഹലയെ തിരുകി കയറ്റാനായി വിരമിച്ച അധ്യാപകനെ വിഷയ വിദഗ്ധന്‍ എന്ന നിലയില്‍ ബോര്‍ഡില്‍ ഉൾപ്പെടുത്തിയത് വിവാദമായിരുന്നു. സേവ് യൂണിവേഴ്‌സിറ്റി കാമ്പസാണ് ആരോപണമുന്നയിച്ച് രംഗത്ത് വന്നത്.
നിലവില്‍ 43 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് നിയമനം ലഭിച്ചിരിക്കുന്നത്. ഷഹല ഇൻ്റർവ്യൂവില്‍ പങ്കെടുത്തിരുന്നു. ഷഹലയുടെ റിസര്‍ച്ച് ഗൈഡ് ആയിരുന്ന ഡോ പി കേളുവിനെ ഇൻ്റർവ്യൂ ബോര്‍ഡിൽ ഉള്‍പ്പെടുത്തിയത് വൻ വിവാദമായി. ഗവേഷണ മേല്‍നോട്ടം വഹിച്ച വ്യക്തി സാധാരണ വിദ്യാര്‍ത്ഥി പങ്കെടുക്കുന്ന അഭിമുഖങ്ങളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കാറാണ് പതിവ്. 126 ഓളം അധ്യാപക തസ്തികകളില്‍ ഉടന്‍ നിയമനം ഉണ്ടാകുമെന്നും അതിലെല്ലാം ഇഷ്ടക്കാരെ തിരുകി കയറ്റാനാണ് ശ്രമമെന്നും പരാതിയില്‍ ആരോപിക്കുന്നു.