HomeKeralaവിഎസ് രാജിവെച്ചു

വിഎസ് രാജിവെച്ചു

സംസ്ഥാന ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ രാജിവെച്ചു. കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. ഭരണ പരിഷ്‌ക്കാര കമ്മീഷന് വേണ്ടി കോടികള്‍ വെറുതെ ചിലവഴിക്കുന്നു തുടങ്ങിയ ആരോപണങ്ങള്‍ക്ക് ഇടയിലാണ് വിഎസിന്റെ രാജി.

2016 ജൂലൈയിലാണ് വിഎസിനെ സിപിഎം കേന്ദ്ര നേതാക്കളുടെ ആവശ്യത്തെ തുടര്‍ന്ന് കാബിനറ്റ് പദവിയില്‍ ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനാക്കിയത്. വിഎസിനെ മുന്‍നിര്‍ത്തി എല്‍ഡിഎഫ് അധികാരം പിടിച്ചെങ്കിലും പിണറായിയെ മുഖ്യമന്ത്രിയാക്കുകയായിരുന്നു. പാര്‍ടി പ്രവര്‍ത്തകര്‍ക്ക് അടക്കം പ്രതിഷേധം ഉണ്ടാക്കിയ പിണറായി ഗ്രൂപ്പിന്റെ തീരുമാനത്തില്‍ കേന്ദ്ര നേതാക്കളില്‍ പലര്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. ശക്തമായ നിര്‍ബന്ധത്തെ തുടര്‍ന്നാണ് പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സംസ്ഥാന കമ്മിറ്റി വിഎസ് അച്യുതാനന്ദന്‍ എന്ന ജനകീയ നേതാവിനെ ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനാക്കി നിയമിച്ചത്.

13 റിപ്പോര്‍ട്ടുകളാണ് കമ്മീഷന്‍ സര്‍ക്കാരിന് നല്‍കിയത്. എന്നാല്‍ ഒന്നിലും സര്‍ക്കാര്‍ നടപടി ഉണ്ടായില്ല. ഇതിലുള്ള പ്രതിഷേധം വിഎസിന്റെ രാജിക്കത്തിലുണ്ട്. സമ്പൂര്‍ണ വിശ്രമ ജിവിതത്തിലേക്കാണ് വിഎസ് പോകുന്നതെന്നാണ് സൂചന. മകന്‍ അരുണ്‍കുമാറിന്റെ വീട്ടിലേക്ക് കഴിഞ്ഞ ദിവസം വിഎസ് താമസം മാറിയിരുന്നു. കഴിഞ്ഞ നിയമസഭയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി സംസ്ഥാനം മുഴുവന്‍ നിറഞ്ഞു നിന്ന നേതാവാണ് വി എസ് അച്യുതാനന്ദന്‍. ഇപ്പോള്‍ മറ്റൊരു നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കവേയാണ് വിഎസിന്റെ പിന്മാറ്റം.

Most Popular

Recent Comments