കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ നാളെ മുതല്‍ നിരാഹാര സമരമാരംഭിക്കാന്‍ തീരുമാനം. മഹാത്മാ ഗാന്ധിയുടെ ചരമ ദിനമായ നാളെ മഹാരാഷ്ട്ര അഹമ്മദ് നഗറിസെ യാദവ് ബാബ ക്ഷേത്രത്തിലാണ് അനിശ്ചിത കാല നിരാഹാര സമരം ആരംഭിക്കുക. തന്റെ അനുയായികളോട് അവരവരുടെ പ്രദേശങ്ങളിലിരുന്ന് തന്നെ സമരം ചെയ്യാന്‍ അദ്ദേഹം അറിയിപ്പും നല്‍കി.
കഴിഞ്ഞ നാല് വര്‍ഷത്തോളമായി കര്‍ഷകരുടെ പ്രധാന ആവശ്യങ്ങള്‍ക്ക് വേണ്ടി താന്‍ സമരം ചെയ്യുകയാണെന്നും കര്‍ഷകരുടെ വിഷയങ്ങളില്‍ സര്‍ക്കാര്‍ ശരിയായ തീരുമാനം എടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര സര്‍ക്കാരിനെ നിരവധി തവണ ആവശ്യങ്ങളുമായി സമീപിച്ചു. പ്രധാനമന്ത്രി നരേന്ദ്്ര മോദിക്കും കേന്ദ്ര കൃഷി മന്ത്രിക്കും കര്‍ഷക വിഷയത്തെ കുറിച്ച് കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ 5 കത്തുകളാണ് താന്‍ അയച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധികള്‍ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും ശരിയായ പ്രശ്‌ന പരിഹാരത്തില്‍ അവര്‍ എത്തുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയലുണ്ടായ സംഘര്‍ഷത്തിലും അണ്ണാ ഹസാരെ വ്യാകുലനായി. അഹിസം പ്രക്ഷോഭത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞ അദ്ദേഹം തന്റെ കഴിഞ്ഞ 40 വര്‍ഷക്കാലത്തെ സമരങ്ങളില്‍ നിരവധി പേര്‍ ഭാഗമായെന്നും എന്നാല്‍ ഒരു കല്ല് പോലും എറിഞ്ഞിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. സമാധാനമാണ് പോരാട്ടത്തിന്റെ ഊര്‍ജം, അതാണ് ഗാന്ധിജി പഠിപ്പിച്ചിട്ടുള്ളതെന്നും ഹസാരെ പറഞ്ഞു.
2010- 2013 കാലഘട്ടത്തില്‍ അന്നത്തെ യുപിഎ സര്‍ക്കാരിനെതിരായ അഴിമതി വിരുദ്ധ ഉപവാസ സമരത്തിലൂടെയാണ് അണ്ണാ ഹസാരെ എന്ന സാമൂഹിക പ്രവര്‍ത്തകന്‍ കൂടതല്‍ ജനശ്രദ്ധ പിടിച്ചു പറ്റിയത്. അണ്ണാ ഹസാരെയുടെ സമരം പിന്നീട് നരേന്ദ്ര മോദി സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.