കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാലയിലെ (കുഫോസ്) വിദ്യാര്‍ത്ഥികള്‍ക്ക് ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെൻ്റില്‍ ഒരു വര്‍ഷത്തെ അപ്രൻ്റീസ്ഷിപ്പിന് സൗകര്യമൊരുക്കുമെന്ന് ഫിഷറീസ് തുറമുഖ വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ ഒരു വര്‍ഷം ഹൗസ് സര്‍ജന്‍സി ചെയ്യുന്നതുപോലെയായിരിക്കും ഇത്. പനങ്ങാട് കുഫോസ് ആസ്ഥാനത്ത് നബാര്‍ഡിൻ്റെ സഹായത്തോടെ 40 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പുതിയ അക്കാഡമിക് ബ്‌ളോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മത്സ്യോല്‍പാദനം എന്നത് മത്സ്യത്തൊഴിലാളിയുടെ മാത്രം ജോലിയാണ് എന്ന പൊതുമനോഭാവം മാറേണ്ടതുണ്ട്. കേരളത്തിന് ഏറ്റവും സാദ്ധ്യതയുള്ള ഉത്പാദന മേഖലയാണ് അക്വാകള്‍ച്ചര്‍. പ്രകൃതിദത്തമായി കേരളത്തിൻ്റെ നാലിലൊന്നുപോലും സൗകര്യങ്ങളില്ലാത്ത ആന്ധ്രയാണ് ഇന്ന് അക്വാകള്‍ച്ചര്‍ ഉത്പാദന രംഗത്ത് ഒന്നാം സ്ഥാനത്ത്. കേരളത്തിൻ്റേത് പത്താം സ്ഥാനമാണ്. ഈ നിലമാറണമെങ്കില്‍ കുഫോസിലെ പഠനം പ്രായോഗിക തലത്തിൽ ആകണമെന്നും മന്ത്രി പറഞ്ഞു.
എം സ്വരാജ് എംഎല്‍എ അദ്ധ്യക്ഷനായി. ഹൈബി ഈഡന്‍ എം.പി, ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ്, പള്ളൂരുത്തി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബേബി തമ്പി, കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്.രാധാകൃഷ്ണന്‍, നബാര്‍ഡ് എ.ജി.എം അശോക് കുമാര്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
കേരള സംസ്ഥാന തീരദേശ സംസ്ഥാന വികസന കോര്‍പറേഷന്‍ എം.ഡി. ഷേക്ക് പരീത്, കുഫോസ് ഗവേഷണ വിഭാഗം മേധാവി ഡോ.ദേവിക പിള്ള എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.
കുഫോസില്‍ പ്രവര്‍ത്തന സജ്ജമായ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് വര്‍ക്ക്‌ഷോപ്പിൻ്റേയും നവീകരിച്ച മത്സ്യക്കുളത്തിൻ്റേയും ഉദ്ഘാടനവും സംസ്ഥാന സര്‍ക്കാര്‍ 10 കോടി രൂപ ചെലവില്‍ കുഫോസില്‍ സ്ഥാപിക്കുന്ന അക്വാറ്റിക് അനിമല്‍ ഡിസീസ് റഫറല്‍ ലബോറട്ടറിയുടെ ശിലാസ്ഥാപനവും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചു. കുഫോസ് വി.എച്ച്.എസ്.സി വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കുന്ന സംരംഭകത്വ പരിശീലന പരിപാടിയുടെ ലോഗോ പ്രകാശനവും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചു.
ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിൻ്റെ കീഴില്‍ പട്ടിക വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നടപ്പിലാക്കുന്ന മത്സ്യകൃഷി പരിശീലന പരിപാടിയുടെ ഗുണഭോക്താക്കള്‍ക്കുള്ള മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണോദ്ഘാടവും മന്ത്രി നിര്‍വഹിച്ചു.
നിരവധി ക്‌ളാസ്സ് മുറികളും ലാബോറട്ടറികളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും അടങ്ങുന്നതാണ് അഞ്ചുനിലകളിലായി 12855 ചതുശ്രമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കുഫോസിൻ്റെ പുതിയ അക്കാദമിക് ബ്‌ളോക്ക്.