സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണം ശക്തമാക്കി സര്‍ക്കാര്‍. ജനങ്ങള്‍ കൂടുതലായി എത്തിച്ചേരുന്ന പൊതുയിടങ്ങളില്‍ മുന്‍കരുതലുകള്‍ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ പൊലീസ് നിരീക്ഷണം ഇന്ന് മുതല്‍ ആരംഭിക്കും. ഇതിനായി മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരേയും രംഗത്തിറക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
ഫെബ്രുവരി 10 വരെ പൊലീസിന്റെ കര്‍ശന ഇടപെടല്‍ തുടരും ജനങ്ങള്‍ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കുന്നതിനാകും ആദ്യ പരിഗണനന. സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പു വരുത്തും. ആവശ്യമുള്ള ഇടങ്ങളില്‍ വിവേചനാധികാരം പ്രയോഗിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. ഇതിനു പുറമേ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെയും വിനിയോഗിക്കും.
നിര്‍ജീവമായ വാര്‍ഡ് തല സമിതികള്‍ വാര്‍ഡ് അംഗത്തിന്റെ മേല്‍നോട്ടത്തില്‍ പുനരുജ്ജീവിപ്പിക്കും. രോഗ വ്യാപനത്തിന് ഇടയാക്കുന്ന ആള്‍ക്കൂട്ടങ്ങളും അനാവശ്യ രാത്രിയാത്രയും ഒഴിവാക്കണമെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചിരുന്നു. വിവാഹങ്ങളില്‍ ജന പങ്കാളിത്തം പരിമിതപ്പെടുത്തണമെന്നും അറിയിച്ചിട്ടുണ്ട്.