HomeKeralaകേരളം സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക്

കേരളം സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക്

നിയമസഭ സമ്മേളനത്തിനുള്ള ഒരുക്കത്തിലേക്ക് കേരളം കടക്കുന്നു. അവസാന നിയമസഭ സമ്മേളനവും കഴിഞ്ഞതോടെ സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാനുള്ള നീക്കത്തിലാണ് മൂന്ന് മുന്നണികളും.

ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്ന എല്‍ഡിഎഫിന് ഒരു വിധ പാളിച്ചകളും സ്ഥാനാര്‍ഥി നിര്‍ണയത്തിലോ മുന്നണി തീരുമാനങ്ങളിലോ വരരുതെന്ന് ആഗ്രഹമുണ്ട്. അതിനാല്‍ തന്നെ എന്‍സിപി- ജോസ് കെ മാണി വിഷയത്തിലും ഇതുവരെ തീരുമാനം എടുത്തിട്ടില്ല. മുന്നണിയിലെ തര്‍ക്കങ്ങള്‍ സമയമെടുത്ത് ചര്‍ച്ച ചെയത് അവസാനിപ്പിക്കുക എന്ന നയത്തിലേക്ക് കടന്നിരിക്കുകയാണ് സിപിഎം. വല്ല്യേട്ടന്‍ മനോഭാവവും പെരുമാറ്റവും എന്ന ചീത്തപ്പേര് മാറ്റാനുള്ള തയ്യാറെടുപ്പിലാണ് അവര്‍.

ചെറിയൊരു പാളിച്ച മതി തിരഞ്ഞെടുപ്പ് തോല്‍വി സംഭവിക്കാന്‍ എന്ന് എല്‍ഡിഎഫിന് നന്നായി അറിയാം. വളര്‍ച്ചയുടെ പാതയിലൂടെ പോകുന്ന ബിജെപിയെയും എല്‍ഡിഎഫ് ഭയപ്പെടുന്നുണ്ട്. ശബരിമല വിഷയത്തിലെ കൈപ്പൊള്ളല്‍ ഓര്‍മയിലുണ്ട്. ഒന്നു പാളിയാല്‍ യുഡിഎഫോ ബിജെപിയോ മുന്നിലെത്തും എന്ന് ഉറപ്പാണ്.

തമ്മിലടി തന്നെയാണ് യുഡിഎഫിൻ്റെ പ്രശ്‌നം. ഗ്രൂപ്പും ഗ്രൂപ്പുകള്‍ക്കുള്ളിലെ ഗ്രൂപ്പും ഇല്ലാതാക്കുന്നത് അവസാന പ്രതീക്ഷകളെയാണ്. എല്ലാ അനുകൂല ഘടകങ്ങള്‍ ഉണ്ടായിട്ടും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ വീഴ്ച ഇനി ഉണ്ടായാല്‍ ഇല്ലാതാവുന്നത് യുഡിഎഫ് എന്ന സംവിധാനം തന്നെയാകാം. ആ ഭയം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനുണ്ട്. അതുകൊണ്ട് തന്നെയാണ് ഇക്കുറി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അടക്കം ഹൈക്കമാന്റ് നേരത്തെ ഇടപെടുന്നത്. ഗ്രൂപ്പൂകള്‍ക്കല്ല, വിജയത്തിനാണ് പരിഗണന എന്ന നിര്‍ദേശം നേരത്തെ നല്‍കി കഴിഞ്ഞു.

മന്ത്രി കുപ്പായം തയ്ച്ച് എംഎല്‍എയാവാന്‍ ഒരുങ്ങിയ എംപിമാര്‍ക്ക് ഹൈക്കമാൻ്റ് നിര്‍ദേശം നല്‍കി കഴിഞ്ഞു. ഇല്ല സീറ്റില്ല എന്ന്. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഉണ്ടാക്കിയ സ്ഥാനാര്‍ഥി പട്ടികയുമായി വരേണ്ടെന്ന് ഗ്രൂപ്പ് മാനേജര്‍മാരെയും അറിയിച്ചു. മുഖ്യമന്ത്രി ആരാവുമെന്ന് ഇപ്പോള്‍ പ്രഖ്യാപിക്കില്ല എന്ന തീരുമാനം രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കും ഉള്ള കൃത്യമായ താക്കീതാണ്.

ഇന്ന് രാഹുല്‍ഗാന്ധി എത്തുന്നുണ്ട്. യുഡിഎഫിലെ തര്‍ക്കങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനാണ് ശ്രമം. ഹൈക്കമാൻ്റിൻ്റെ കര്‍ശനമായ നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ് നേതാക്കളെ അറിയിക്കും. വിമതര്‍ ഇനി പാര്‍ടിയില്‍ ഉണ്ടാകില്ല എന്നും.

എന്‍ഡിഎ എന്നാല്‍ ബിജെപി തന്നെയാണ്. ബിഡിജെഎസ് പോലുള്ള കക്ഷികള്‍ പേരിന് മാത്രം. ഇക്കുറി ബിഡിജെഎസിന്റെ കുറച്ച് സീറ്റുകള്‍ ബിജെപി ഏറ്റെടുത്തേക്കും. കടുത്ത മത്സരം കാഴ്ചവെക്കാന്‍ ബിഡിജെഎസിന് കഴിയുന്നില്ല. നല്ല സ്ഥാനാര്‍ഥികളില്ല എന്ന പ്രശ്‌നം ബിഡിജെഎസിനുണ്ട്. പരീക്ഷണം നടത്താന്‍ ഇക്കുറി കഴിയില്ല എന്ന തീരുമാനത്തിലാണ് ബിജെപി നേതൃത്വം.

സംസ്ഥാനത്തെ 35 മണ്ഡലങ്ങളില്‍ കാല്‍ ലക്ഷത്തിലധികം വോട്ടുണ്ട് ബിജെപിയ്ക്ക്. പതിനായിരത്തില്‍ താഴെ വോട്ട് ഒരു മണ്ഡലത്തില്‍ മാത്രമാണ്. ഇതു തന്നെയാണ് എന്‍ഡിഎയുടം കരുത്ത്. നല്ല സ്ഥാനാര്‍ഥികളെ നിര്‍ത്തിയാല്‍ 10 മണ്ഡലങ്ങളില്‍ എങ്കിലു വിജയം ഉറപ്പിക്കാം. ഇരുപതില്‍ താഴെ മണ്ഡലങ്ങള്ളില്‍ എന്‍ഡിഎ പ്രതീക്ഷ വെയ്ക്കുന്നുണ്ട്. ഇവിടെയെല്ലാം ഇതിനകം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് കോവിഡ് ബാധിച്ചില്ലായെങ്കില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ഥി ലിസ്റ്റിന് അന്തിമ രൂപം ആയേനെ. 29ന് തൃശൂരില്‍ ചേരുന്ന സംസ്ഥാന സമിതി യോഗത്തില്‍ അന്തിമ രൂപം ആക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്. ഇതിന് മുമ്പേ ഘടകക്ഷികളുടെ സീറ്റിലും തീരുമാനം ആകും.

Most Popular

Recent Comments