കര്‍ഷക പരേഡിനിടെ ചെങ്കോട്ടയില്‍ ഖാലിസ്ഥാന്‍ പതാക ഉയര്‍ത്തിയത് പഞ്ചാബി നടന്‍ ദീപ് സിദ്ദുവാണെന്ന വാര്‍ത്തകള്‍ക്കിടെ നടനും ബിജെപിയും തമ്മില്‍ ബന്ധമുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ബിജെപിയുമായുള്ള ബന്ധം തെളിയിക്കുന്നത് എന്നവകാശപ്പെട്ട് ചില ചിത്രങ്ങളും അദ്ദേഹം തൻ്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പുറത്തുവിട്ടു. ചെങ്കോട്ടയില്‍ ഖാലിസ്ഥാൻ പതാക ഉയര്‍ത്തിയതിനെ കര്‍ഷക നേതാക്കള്‍ തള്ളിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, എന്നിവര്‍ക്കൊപ്പം ദീപ് സിദ്ദു നില്‍ക്കുന്ന ചിത്രങ്ങളാണ് പ്രശാന്ത് ഭൂഷണ്‍ പങ്കുവെച്ചിരിക്കുന്നത്. ചെങ്കോട്ടയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും സിഖ് പതാക ഉയര്‍ത്തിയതും സിദ്ദുവിൻ്റെ നേതൃത്വത്തിലാണെന്ന അടിക്കുറിപ്പോടെയാണ് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.