ചെങ്കോട്ടയും പിടിച്ചെടുത്ത് കര്‍ഷകര്‍; കേന്ദ്രസേനയെ വിന്യസിച്ചു

0

കര്‍ഷക നിയമങ്ങളില്‍ പ്രതിഷേധിച്ച് ട്രാക്ടര്‍ റാലി നടത്തുന്ന കര്‍ഷകര്‍ ചെങ്കോട്ട പിടിച്ചടക്കി കര്‍ഷക പതാക ഉയര്‍ത്തി. പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്തുന്നതിന് സമീപത്തായാണ് കര്‍ഷകര്‍ അവരുടെ സംഘടന കൊടികള്‍ ഉയര്‍ത്തിയത്. പഞ്ചാബില്‍ നിന്നുള്ള കര്‍ഷകര്‍ ചെങ്കോട്ടയില്‍ തമ്പടിച്ചിരിക്കുകയാണ്.

ചെങ്കോട്ടക്കു മുമ്പിലും പൊലീസും കര്‍ഷകരും തമ്മില്‍ ഏറ്റമുട്ടലുണ്ടായി. ഇതിനിടെ ഡല്‍ഹി ഐടിഒയില്‍ കര്‍ഷകരെ നിയന്ത്രിക്കാന്‍ കേന്ദ്രസേന രംഗത്തെത്തിയിട്ടുണ്ട്.
ട്രാക്ടര്‍ പരേഡിനിടക്കുണ്ടായ സംഘര്‍ഷത്തില്‍ ഒരു കര്‍ഷകന്‍ മരിച്ചു. കര്‍ഷകൻ്റെ മൃതദേഹം റോഡില്‍ വെച്ച് മറ്റ് കര്‍ഷകര്‍ റോഡ് ഉപരോധിച്ചു.

പൊലീസ് കര്‍ഷകരുമായി ചര്‍ച്ച നടത്തി ഉറപ്പാക്കിയ ഉടമ്പടികള്‍ ലംഘിച്ചിരിക്കുകയാണെന്ന് കര്‍ഷക നേതാക്കള്‍ ആരോപിച്ചു. എട്ടുമണിക്ക് ബാരിക്കേഡ് തുറന്ന് നല്‍കിയില്ലെന്നും പരേഡിനായി അനുവദിച്ചിരുന്ന റോഡുകളെല്ലാം ബാരിക്കേഡുകള്‍ വെച്ച് അടച്ചുവെന്നും കര്‍ഷകര്‍ പ്രതികരിച്ചു. എന്നാല്‍, കര്‍ഷക റാലിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ  ഒരുങ്ങിയിരിക്കുകയാണ് ഡല്‍ഹി പൊലീസ്. സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ആവശ്യം സുപ്രീംകോടതിയില്‍ ഉന്നയിക്കും.

അതെസമയം കര്‍ഷക-പൊലീസ് സംഘര്‍ഷം മൂലം ഡല്‍ഹി മെട്രോ ഭാഗികമായി അടച്ചു. ട്രാക്ടര്‍ പരേഡ് റിപ്പബ്ലിക് ദിന പരേഡിന് ശേഷം ആരംഭിക്കണമെന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍  രാവിലെ എട്ടു മണിയോടെ റാലി ആരംഭിക്കാന്‍ പൊലീസ് അനുവാദം നല്‍കിയെന്ന് കര്‍ഷകര്‍ അവകാശപ്പെടുന്നു. ഇതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് പിന്നീട് സംഘര്‍ഷമായി മാറിയത്.