HomeKeralaഭരണഘടനാ മൂല്യങ്ങൾ തിരികെ പിടിക്കലാണ് കര്‍ഷക പ്രതിഷേധം ആവശ്യപ്പെടുന്നത്

ഭരണഘടനാ മൂല്യങ്ങൾ തിരികെ പിടിക്കലാണ് കര്‍ഷക പ്രതിഷേധം ആവശ്യപ്പെടുന്നത്

കേവലം കര്‍ഷകരുടെ അവകാശ സംരക്ഷണ പ്രതിഷേധമല്ല തലസ്ഥാനത്തെ കര്‍ഷക പ്രതിഷേധമെന്നും ഇന്ത്യന്‍ ഭരണഘടനയുടെ പുനഃസ്ഥാപനം കൂടിയാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

രാജ്യം  72ാമത് റിപ്പബ്ലിക് ദിനമാഘോഷിക്കുന്ന വേളയാണിത്. നൂറ്റാണ്ടുകളോളം സാമ്രാജ്യത്വ ഭരണകൂടത്തിനു കീഴില്‍ അടിമകളായി ജീവിക്കേണ്ടി വന്ന ഒരു ജനത തങ്ങള്‍ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കാണെന്ന് ലോകത്തിനോട് ഉറക്കെ പ്രഖ്യാപിച്ച ദിവസമാണിത്. നൂറു കണക്കിന് നാട്ടുരാജ്യങ്ങളും, ഉപദേശീയതകളും, ഭാഷകളും, മതങ്ങളും ജാതിയും വംശങ്ങളുമെല്ലാം കൊണ്ട് സമ്പുഷ്ടവും സങ്കീര്‍ണവുമായ രാഷ്ട്രീയ സാംസ്‌കാരിക പരിസരം നിലനിന്നിരുന്ന ഒരു പ്രദേശം ഒരൊറ്റ രാജ്യമായി മാറിയ ചരിത്ര മുഹൂര്‍ത്തത്തെയാണ് ഇന്ന് നാം
ഓര്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ആത്മാവായ ഭരണഘടനയുടെ പ്രാധാന്യവും ഇന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. മലയാളിയും തമിഴനും പഞ്ചാബിയും ബംഗാളിയും മണിപ്പൂരിയും കശ്മീരിയും ഉത്തര്‍പ്രദേശുകാരനുമെല്ലാം അവനവൻ്റെ വൈജാത്യങ്ങള്‍ക്കൊക്കെ അതീതമായി ഇന്ത്യക്കാരനെന്ന നിലയില്‍ ജീവിക്കുന്നത് നമ്മുടെ ഭരണഘടനയില്‍ കുടികൊള്ളുന്ന ഇന്ത്യയെന്ന സത്തയെ ഉള്‍ക്കൊള്ളുന്നത് കൊണ്ടാണ്.

ആ ഭരണഘടനയുടെ അടിസ്ഥാനമിളക്കാന്‍ ശ്രമം നടക്കുന്ന കാലമാണിത്. ഭരണഘടന മുന്നോട്ട് വക്കുന്ന മതേതര-ജനാധിപത്യ മൂല്യങ്ങള്‍ ആക്രമിക്കപ്പെടുകയാണെന്നും സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുഷ്‌കരമായിരിക്കുകയാണ്. അസമത്വവും രൂക്ഷമായിരിക്കുന്നു.

ഇത്തരം അവസ്ഥകള്‍ക്കെതിരെ ജനങ്ങള്‍ക്കിടയില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നുവരികയാണ്. കോര്‍പ്പറേറ്റുകള്‍ക്ക് തങ്ങളുടെ ജീവിതം തീറെഴുതിക്കൊടുക്കില്ലെന്ന് പ്രഖ്യാപിച്ച് ആയിരക്കണക്കിന് കര്‍ഷകരാണ് തലസ്ഥാന നഗരിയില്‍ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. അവര്‍ തലസ്ഥാന നഗരിയില്‍ ട്രാക്ടര്‍ പരേഡ് നടത്തുകയാണ്. ഇന്ത്യ ഒരു പരമാധികാര, ജനാധിപത്യ റിപ്പബ്ലിക്കാണെന്ന് പ്രഖ്യാപിക്കുന്ന ഭരണഘടനയുടെ അന്തസത്ത കാത്തുസൂക്ഷിക്കാന്‍ നമുക്കൊറ്റക്കെട്ടായി നിലകൊള്ളാമെന്ന് ഈ വേളയില്‍ പ്രതിജ്ഞ ചെയ്യാമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

Most Popular

Recent Comments