എല്‍ഡിഎഫിന് പിന്നാലെ ഡോര്‍ ടു ഡോര്‍ കാമ്പയിനുമായി യുഡിഎഫും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക് ശേഷമാകും ഈ കാമ്പയിന്‍ ആരംഭിക്കുക. അനൗദ്യോഗിക സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിച്ച യുഡിഎഫ് ജനുവരി 31 നാണ് ഐശ്വര്യ കേരള യാത്ര ആരംഭിക്കുന്നത്. ഇതോടെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമാകും. യാത്ര എന്നതിലപ്പുറം പൊതുജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാനാണ് ഡോര്‍ ടു ഡോര്‍ കാമ്പയിന്‍ കൊണ്ട് യുഡിഎഫ് ഉദ്ദേശിക്കുന്നത്.
ഔദ്യോഗികമായി സ്ഥാനാര്‍ത്ഥികളാരെന്ന് നിശ്ചയിച്ചിട്ടില്ലെങ്കിലും കൂടുതല്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് തന്നെയാകും മത്സരിക്കുക എന്ന കാര്യത്തില്‍ ഉറപ്പായി. എന്നാല്‍, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വടകരയില്‍ മാത്രമായിരിക്കും താന്‍ ഇറങ്ങുകയെന്ന് കെ മുരളീധരന്‍ വ്യക്തമാക്കി. കൂടുതല്‍ എംഎല്‍എമാരെ വിജയിപ്പിക്കലാണ് ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പൊതുജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നാണ് എല്‍ഡിഎഫ് നേട്ടമുണ്ടാക്കിയത്. ഈ വിലയിരുത്തലിനും എല്‍ഡിഎഫിന്റെ ഗൃഹസന്ദര്‍ശന പരിപാടിക്കും പിന്നാലെയാണ് യുഡിഎഫും ഈ പാറ്റേണ്‍ കാമ്പയിന്‍ കൊണ്ട് സജീവമാകുന്നത്.