HomeIndiaട്രാക്ടര്‍ പരേഡ് ചരിത്ര ഭാഗമാക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍

ട്രാക്ടര്‍ പരേഡ് ചരിത്ര ഭാഗമാക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍

റിപ്പബ്ലിക് ദിനത്തില്‍ നടത്താനിരിക്കുന്ന ട്രാക്ടര്‍ റാലി ചരിത്രത്തിന്റെ ഭാഗമാക്കാനൊരുങ്ങിയിരിക്കുകയാണ് കര്‍ഷക സംഘടനകള്‍. ഡല്‍ഹി പിടിച്ചെടുക്കലല്ല തങ്ങളുടെ ലക്ഷ്യമെന്നും പകരം ജനങ്ങളുടെ ഹൃദയം കീഴടക്കലാണെന്നും സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.

ട്രാക്ടര്‍ പരേഡില്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ഷകരെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ട്രാക്ടര്‍ റാലിക്ക് നേരെ ആക്രമണമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഡല്‍ഹിയിലും അതിര്‍ത്തി മേഖലകളിലും കനത്ത സുരക്ഷ ഒരുക്കിയി. ഡല്‍ഹി അതിര്‍ത്തികളിലെ സമര പ്രതിഷേധം 61-)ം ദിവസത്തിലേക്ക് കടന്നു.

അതെസമയം, സമരം ചെയ്യുന്നതിനുള്ള കാരണങ്ങള്‍ ട്രാക്ടര്‍ റാലിയിലൂടെ ജനങ്ങളേയും രാജ്യത്തെയും ബോധ്യപ്പെടുത്താനുള്ള അവസരമായി കണക്കാക്കുകയാണ് കര്‍ഷക സംഘടനകള്‍. ഇതിനായി കര്‍ഷകര്‍ക്ക് അവര്‍ നിര്‍ദ്ദേശങ്ങളും നല്‍കുന്നുണ്ട്. അക്രമണ പ്രവണതയോടെയല്ലാതെ സമാധാനപൂര്‍ണമായ റാലിയിലാണ് വിജയമെന്നും അവര്‍ പറഞ്ഞു. നേതാക്കളും പൊലീസും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ഷകര്‍ പാലിക്കണമെന്നും ഒരു ദിവസത്തേക്കുള്ള ഭക്ഷണവും വെള്ളവും ട്രാക്ടറില്‍ കരുതണമെന്നും കര്‍ഷകരോട് നേതാക്കള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. അതുപോലെ, ട്രാക്ടറുകളില്‍ ദേശീയ പതാകയും കര്‍ഷക സംഘടനകളുടെ കൊടിയും മാത്രമേ അനുവദിക്കുകയുള്ളൂ. രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടി വിലക്കിയിട്ടുണ്ട്. ആയുധങ്ങളോ പ്രകോപനപരമായ ബാനറുകളോ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.

പാകിസ്താന്‍ ട്രാക്ടര്‍ റാലിയില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുമെന്ന ആശങ്ക ഡല്‍ഹി പൊലീസിനുണ്ട്. അതിനാല്‍ തെറ്റായ വിവരങ്ങളെ വിശ്വസിക്കരുതെന്ന് സംഘടനകള്‍ കര്‍ഷകരോട് ആവശ്യപ്പെട്ടു. സംയുക്ത കിസാന്‍ മോര്‍ച്ച പ്രത്യേക ഹെല്‍പ്പ് ലൈന്‍ നമ്പറും ഇതിനോടകം തന്നെ തുറന്നു.

Most Popular

Recent Comments