പ്രതിപക്ഷത്തിനെതിരെ കടുത്ത നടപടിയുമായി എല്‍ഡിഎഫ് സര്‍ക്കാര്‍. വിവാദമായ സോളാര്‍ പീഢനക്കേസുകള്‍ സിബിഐയ്ക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍. ഇതു സംബന്ധിച്ച വിജ്ഞാപനം ഇറങ്ങി. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള ഈ നടപടി കടുത്ത രാഷ്ട്രീയ പ്രേരിതമാണെന്ന് ഇപ്പോഴേ വിമര്‍ശനം ഉയര്‍ന്നു.
യുഡിഎഫിന്റെ പ്രമുഖ നേതാക്കളായ ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ പി അനില്‍കുമാര്‍, ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് എ പി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരെയാണ് വിവാദ നായിക പരാതിപ്പെട്ടിട്ടുള്ളത്. സരിതയെ ഉയര്‍ത്തിക്കാട്ടി അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ നാലര വര്‍ഷവും ഇതില്‍ മെല്ലെപ്പോക്കാണ് നടത്തിയിരുന്നത്. ഇപ്പോള്‍ വീണ്ടും തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വിഷയം സജീവമാക്കാനാണ് ഉദ്ദേശിക്കുന്നത്. പരാതിക്കാരി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി.
വലിയ കോളിളക്കം ഉണ്ടാക്കുന്നതാണ് സര്‍ക്കാര്‍ നടപടി. സിബിഐ അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ക്കതിരെ വാളെടുക്കുന്ന സര്‍ക്കാരും എല്‍ഡിഎഫുമാണ് അന്വേഷണം സിബിഐയ്ക്ക് വിടുന്നത് എന്നത് ശ്രദ്ധേയമാണ്. യുഡിഎഫ് ഇപ്പോള്‍ തന്നെ വിഷയം ഗൗരവമായി എടുത്തിട്ടുണ്ട്. ശക്തമായ പ്രതിഷേധവും സര്‍ക്കാരിനെതിരെ കടുത്ത ആരോപണവും ഉയര്‍ത്താനാണ് തീരുമാനം.