തിരുവനന്തപുരത്തിന് ശേഷം തൃശൂരിലും ശക്തമായ മുന്നേറ്റത്തിനൊരുങ്ങി ബിജെപി. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കിയെങ്കിലും പല സ്ഥലങ്ങളിലും പ്രാഥമിക പട്ടിക ഒരുങ്ങിയിട്ടുണ്ട്.
കഴിഞ്ഞ തവണ ബിഡിജെഎസിന് നല്‍കിയ സീറ്റുകള്‍ പലതും തിരിച്ചെടുത്താണ് ഇത്തവണ ബിജെപി അങ്കത്തിനിറങ്ങുക.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വളരെ ശക്തമായ മുന്നേറ്റമുണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ക്ഷീണമേറ്റിരുന്നു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമായി തൃശൂര്‍, പുതുക്കാട് , മണലൂർ, കുന്ദംകുളം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ എന്നീ മണ്ഡലങ്ങളാണ് ബിജെപി ഉന്നമിടുന്നത്. ബിഡിജെഎസിന് കഴിഞ്ഞ തവണ 5 സീറ്റുകളാണ് നല്‍കിയിരുന്നത്. എന്നാല്‍ ഇത്തവണ അത് കുറയാനാണ് സാധ്യത.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ച് സിറ്റിങ് സീറ്റില്‍ പരാജയപ്പെട്ട ബി ഗോപാലകൃഷ്ണന്റെയും സംസ്ഥാന വൈസ് പ്രസിഡന്റ് എംഎസ് സമ്പൂര്‍ണയുടേയും പേരുകളാണ് തൃശുരിൽ പരിഗണിക്കുന്നത്. കൊടുങ്ങല്ലൂരിൽ മുൻ എംഎൽഎ ഉമേഷ് ചള്ളിയിൽ തന്നെയാകും എന്നാണ് പുതിയ റിപ്പോർട്ട്. എസ്എൻഡിപി യൂണിയൻ നേതാവായ ഉമേഷിന് പ്രാദേശികമായി ശക്തമായ ബന്ധമാണുള്ളത് .
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മണലൂരിൽ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുകയാണ് എഎന്‍ രാധാകൃഷ്ണന്‍.
പുതുക്കാട് ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷും കുന്ദംകുളത്ത് ബിജെപി ജില്ലാ പ്രസിഡന്റ് കെകെ അനീഷ് കുമാറിനേയും പരിഗണിക്കും. നാട്ടിക സീറ്റ് പിടിച്ചെടുക്കാനായി ഐഎം വിജയനെ മത്സരിപ്പിക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ഐഎം വിജയനുമായി ബിജെപി നേതൃത്വം ചര്‍ച്ച നടത്തിവരികയാണ്.
അതെസമയം, തെരഞ്ഞെടുപ്പില്‍ ഐഎം വിജയന്‍ മത്സരിക്കുമോ എന്നതില്‍ വ്യക്തതയില്ല. മഹിളാ മോര്‍ച്ച നേതാവ് നിവേദിതയെയാണ് ഗുരുവായൂരില്‍ മത്സരിക്കാന്‍ പരിഗണിച്ചിരിക്കുന്നത്. ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ലെന്നാണ് പാര്‍ട്ടികളുടെ ഔദ്യോഗിക വിശദീകരണം.