നിയമസഭ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് മത്സരിച്ച മുഴുവന്‍ സീറ്റുകളും വേണമെന്ന നിലപാടിലുറച്ച് പിജെ ജോസഫ് വിഭാഗം. പിളര്‍പ്പിനു പിന്നാലെ പാളയത്തിലെത്തിയവരെല്ലാം സീറ്റിനായി അവകാശം ഉന്നയിച്ചതോടെ സീറ്റ് വിഭജനവും ജോസഫിന് കീറാമുട്ടിയാകും. ചിഹ്നവും പേരും നഷ്ടപ്പെട്ടതോടെ പുതിയ പാര്‍ട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ് ജോസഫും വിഭാഗവും.
കഴിഞ്ഞ തണ 15 സീറ്റുകളിലാണ് കേരള കോണ്‍ഗ്രസ് മത്സരിച്ചത്. ജോസ് കെ മാണിയും കൂട്ടരും കളംവിട്ടെങ്കിലും അത്ര തന്നെ സീറ്റുകള്‍ വേണമെന്നാണ് ജോസഫിന്റെ ആവശ്യം. പിളര്‍പ്പിന്റെ ഘട്ടത്തില്‍ ജോസഫിനൊപ്പം ചേര്‍ന്ന നേതാക്കളെല്ലാം ഉന്നം വെച്ചിരിക്കുന്നത് നിയമസഭ സീറ്റിലാണ്. ജോയ് എബ്രഹാം, ജോസഫ് എം പുതുശ്ശേരി, ജോണി നെല്ലൂര്‍ തുടങ്ങിയ നേതാക്കള്‍ മത്സരിക്കാനുള്ള ആഗ്രഹം പിജെ ജോസഫിനെ അറിയിച്ചിട്ടുണ്ട്.
ജോസ് യുഡിഎഫ് വിട്ടതോടെ കേരള കോണ്‍ഗ്രസിന്റെ സീറ്റുകള്‍ ഏറ്റെടുക്കാന്‍ കോണ്‍ഗ്രസും കരുക്കള്‍ നീക്കി തുടങ്ങിയിട്ടുണ്ട്. കോട്ടയം ജില്ലയില്‍ കേരള കോണ്‍ഗ്രസ് മത്സരിച്ചിരുന്ന ചങ്ങനാശ്ശേരി, പാലാ, ഏറ്റുമാനൂര്‍ സീറ്റുകളാണ് കോണ്‍ഗ്രസ് ഉന്നം വെച്ചിരിക്കുന്നത്. എന്നാല്‍ ചങ്ങനാശ്ശേരി സീറ്റിനായി ജോസഫ് വിഭാഗത്തിലെ തന്നെ നാലു പേരാണ് അണിയറയില്‍ നില്‍ക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ വേറെയും ഈ സീറ്റിനായി അങ്കത്തിനുണ്ട്. ജോണി നെല്ലൂര്‍ നോട്ടം വെച്ചിരിക്കുന്ന മൂവാറ്റുപുഴയാണ് ജോസഫ് വാഴക്കന്റെയും ലക്ഷ്യം.
ഇടുക്കിയില്‍ റോഷി അഗസ്റ്റിനെതിരെ പരിഗണിക്കുന്നവരില്‍ ഫ്രാന്‍സിസ് ജോര്‍ജുമുണ്ട്. മലബാറില്‍ വിജയ പ്രതീക്ഷയില്ലാത്ത സീറ്റുകള്‍ വിട്ടുനല്‍കാനും കേരള കോണ്‍ഗ്രസ് തയ്യാറായേക്കും. കോട്ടയം ആസ്ഥാനമാക്കിയുള്ള പുതിയ പാര്‍ട്ടി രൂപീകരണം അടുത്ത മാസം തന്നെ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന. ചെണ്ടയായിരിക്കും പാര്‍ട്ടിയുടെ ചിഹ്നമെന്ന് ജോസഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.