എന്‍സിപി സംസ്ഥാന നേതൃത്വത്തിനുള്ളില്‍ പോര് രൂക്ഷമാകുന്നതിനിടെ ശരദ് പവാറിനെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കാനൊരുങ്ങി മാണി സി കാപ്പന്‍. നാളെ മുംബൈയിലെത്തി മുന്നണി മാറണമെന്ന ആവശ്യം കാപ്പന്‍ ശരദ് പവാറിനെ അറിയിക്കും. എന്‍സിപി ഇടത് മുന്നണി വിടണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് മാണി സി കാപ്പന്‍ വിഭാഗം.
അതിനിടെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് കത്തയച്ചിരുന്നു. സംസ്ഥാനം കണ്ട ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരാണിതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണക്കടത്തിന്റെയും റിവേഴ്‌സ് ഹവാലയുടേയും കേന്ദ്രമാണെന്നും എന്‍സിപി കത്തില്‍ പറയുന്നു.
ഫെബ്രുവരി അവസാനം ആറ് മന്ത്രിമാരേയും സ്പീക്കറേയും ഇഡി ചോദ്യം ചെയ്യുമെന്നും കത്തില്‍ വ്യക്തമാക്കുന്നു. അതെസമയം, ഇടതു പക്ഷം വിടില്ലെന്ന് ശശീന്ദ്രന്‍ പക്ഷവും വ്യക്തമാക്കി. ശരദ് പവാറിന് ആരെങ്കിലും കത്തയച്ചിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടി വിരുദ്ധമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി റസാഖ് മൗലവി പ്രതികരിച്ചു.