കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം മത്സരിച്ച മുഴുവന്‍ സീറ്റുകളും തങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണെന്ന് പി ജെ ജോസഫ്. ജോസ് കെ മാണി വിഭാഗം വിട്ടു പോയെങ്കിലും സീറ്റില്‍ വിട്ടുവീഴ്ച നല്‍കാനാവില്ലെന്നും ജോസഫ് പറഞ്ഞു.
പാര്‍ടി പേരും ചിഹ്നവും നഷ്ടമായതിനാല്‍ പുതിയ പാര്‍ടി രൂപീകരിക്കാൻ ഒരുങ്ങുകയാണ് ജോസഫ്. ഇതിനായുള്ള നിയമവശങ്ങള്‍ പരിശോധിക്കാന്‍ പ്രഗത്ഭരായ അഭിഭാഷകരെ ഏല്‍പ്പിച്ചിട്ടുണ്ട്.
ജോസ് കെ മാണി വിഭാഗത്തില്‍ നിന്ന് ചേക്കേറിയ നേതാക്കള്‍ക്ക് കൂടി സീറ്റ് നല്‍കേണ്ടിവരും എന്നതാണ് പി ജെ ജോസഫിനെ വലയ്ക്കുന്നത്. ഇതുകൂടി മുന്നില്‍ കണ്ടാണ് സീറ്റില്‍ കടുംപിടിത്തം തുടരാന്‍ ജോസഫ് തീരുമാനിക്കുന്നത്. കഴിഞ്ഞ തവണ 15 സീറ്റുകൡലാണ് കേരള കോണ്‍ഗ്രസ് എം മത്സരിച്ചത്. അതിനാല്‍ അത്രയും സീറ്റുകള്‍ തന്നെ വേണമെന്നാണ് ജോസഫ് വ്യക്തമാക്കിയത്.
ജോസ് കെ മാണി പാര്‍ടി വിട്ടതോടെ കേരള കോണ്‍ഗ്രസിന്റ കുറച്ച് സീറ്റുകള്‍ പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. ഇതും പി ജെ ജോസഫ് പരിഗണിക്കുന്നു. എന്നാല്‍ മലബാറില്‍ വിജയ പ്രതീക്ഷയില്ലാത്ത സീറ്റുകള്‍ വിട്ടു നല്‍കി കോട്ടയം മേഖലയില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാനും ആലോചനയുണ്ട്. പുതിയ പാര്‍ടിയുടെ ചിഹ്നം ചെണ്ട തന്നെയായിരിക്കും എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. അടുത്ത മാസം പുതിയ പാര്‍ടി പ്രവര്‍ത്തനം തുടങ്ങും എന്നാണ് സൂചന.