രാജ്യത്തെ മെഡിക്കല്‍-എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുടെ നടത്തിപ്പ് ശൈലിയില്‍ ഈ അധ്യയന വര്‍ഷം മുതല്‍ കാതലായ മാറ്റം ഉണ്ടാകും. മെഡിക്കല്‍ പ്രവേശന പരീക്ഷ വര്‍ഷത്തില്‍ രണ്ട് തവണ നടത്താനാണ് ആലോചിക്കുന്നത്. എഞ്ചിനീയറിങ് പ്രവേശന പരീക്ഷ വര്‍ഷത്തില്‍ നാല് തവണ നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം തിങ്കളാഴ്ച ചേരുന്ന ഉന്നതതല യോഗത്തിൽ ഉണ്ടാകും.
മെഡിക്കല്‍-എഞ്ചിനീയറിങ് പ്രവേശന പരീക്ഷ തുടങ്ങി കാലമേറെ ആയെങ്കിലും പരമ്പരാഗത സമീപനം രാജ്യത്ത് ഇതുവരെയും മാറിയിരുന്നില്ല. പെന്‍- പേപ്പര്‍ ശൈലിയില്‍ നിന്ന് ഇന്ത്യയേക്കാള്‍ വികസനത്തില്‍ പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ പോലും മാറിയെങ്കിലും ഇന്ത്യ ഇപ്പോഴും പഴയ ശൈലി പിന്തുടരുകയാണ്. ഇതിനാണ് ഈ വര്‍ഷം മുതല്‍ മാറ്റം വരുന്നത്. ജെഇഇ മെയിന്‍ പരീക്ഷ 2019 മുതല്‍ രാജ്യത്ത് ഒരു വര്‍ഷം രണ്ട് തവണ നടത്താന്‍ തീരുമാനമായിരുന്നു. എന്നാല്‍ ഈ വര്‍ഷം മുതല്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിതമായി വര്‍ഷത്തില്‍ നാല് തവണ പരീക്ഷ നടത്താനാണ് ആലോചിക്കുന്നത്. മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ നിര്‍ദ്ദേശിക്കപ്പെട്ട മാറ്റമാണ് ഏറെ പ്രധാനമാകുക. നീറ്റ് പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ട് തവണ നടത്താനാണ് ഇപ്പോഴത്തെ നിര്‍ദ്ദേശം.
പെന്‍- പേപ്പര്‍ ശൈലി മാറ്റി കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നടത്താന്‍ യോഗം തീരുമാനമെടുക്കുമെന്നാണ് സൂചന. ഒരു മോശം ദിവസം നല്ല പ്രകടനം നടത്താന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥിക്ക് വിലയായി അവൻ്റെ/അവളുടെ ഒരു സമ്പൂര്‍ണ അധ്യയന വര്‍ഷമാണ് നല്‍കേണ്ടിവരുന്നത്. ഇത് വിദ്യാഭ്യാസ സമ്പ്രദായത്തിൻ്റെ താത്പര്യത്തിന് എതിരാണെന്ന് വിദ്യാഭ്യാസമന്ത്രാലയ വക്താവ് വിശദീകരിച്ചു. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പ് അനുകൂല സമീപനം തിങ്കളാഴ്ച സ്വീകരിച്ചാല്‍ നീറ്റ് പരീക്ഷ വര്‍ഷത്തില്‍ രണ്ട് തവണയായി മാറും.
16 ലക്ഷം പേരാണ് കഴിഞ്ഞ വര്‍ഷം മെഡിക്കല്‍ പ്രവേശന പരീക്ഷക്ക് അപേക്ഷിച്ചത്. ഇതില്‍ 13.5 ലക്ഷം പേര്‍ പരീക്ഷ എഴുതി. എന്നാല്‍ ഭൂരിപക്ഷം പേര്‍ക്കും യോഗ്യത നേടാനായില്ല. മെഡിക്കല്‍ പ്രവേശന പരീക്ഷ കമ്പ്യൂട്ടര്‍ അധിഷ്ഠിതമാക്കുമ്പോള്‍ പരീക്ഷയുടെ സുതാര്യതയും കൂടുതല്‍ വര്‍ധിക്കും.