HomeHealthകൊവിഡ് വാക്‌സിന്‍ വാണിജ്യ കയറ്റുമതിക്ക് കേന്ദ്ര അനുമതി

കൊവിഡ് വാക്‌സിന്‍ വാണിജ്യ കയറ്റുമതിക്ക് കേന്ദ്ര അനുമതി

വാണിജ്യാടിസ്ഥാനത്തില്‍ കൊവിഡ് വാക്‌സിന്‍ കയറ്റുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ബ്രസീലിനും മൊറോക്കോയ്ക്കുമുള്ള ആദ്യ കണ്‍സൈന്‍മെൻ്റുകള്‍ വെള്ളിയാഴ്ച അയയ്ക്കും. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ വര്‍ധന്‍ ശ്രിംഗ്ലയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

യുകെ മരുന്ന് നിര്‍മാതാക്കളായ അസ്ട്രാസെനക്കയും ഓക്‌സ്ഫഡ് സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ച് പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉത്പാദിപ്പിക്കുന്ന കോവിഷീല്‍ഡ് വാക്‌സിനാണ് കയറ്റി അയക്കുന്നത്. പല രാജ്യങ്ങളില്‍ നിന്നും
കോവിഷീല്‍ഡ് വാക്‌സിന് ഓര്‍ഡര്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ വാക്‌സിന്‍ വിതരണം ആരംഭിച്ചിട്ടുമതി കയറ്റി അയക്കാന്‍ എന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരുന്നത്. ജനുവരി 16ന് ഇന്ത്യയില്‍ വാക്‌സിന്‍ വിതരണം ആരംഭിച്ചു. ഇതോടെയാണ് പുതിയ തീരുമാനം.

അയല്‍ രാജ്യങ്ങളായ ഭൂട്ടാന്‍, മാലിദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഈ ആഴ്ച ആദ്യം ഇന്ത്യ കോവിഷീല്‍ഡ് സൗജന്യമായി നല്‍കിയിരുന്നു. എന്നാല്‍ ഇനിയുള്ള വാക്‌സീന്‍ ഡോസുകള്‍ ഈ രാജ്യങ്ങള്‍ വില കൊടുത്തു വാങ്ങേണ്ടി വരും. ബ്രസീലിനും മൊറോക്കോയ്ക്കും പിന്നാലെ ദക്ഷിണാഫ്രിക്കയിലേക്കും സൗദി അറേബ്യയിലേക്കുമുള്ള കണ്‍സൈന്‍മെൻ്റുകളാകും ഇനി കയറ്റി അയക്കുക.

കോവിഷീല്‍ഡ് വാക്‌സിന്‍ കയറ്റി അയക്കണമെന്ന് ബ്രസീല്‍ ഇന്ത്യയോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി 20 ലക്ഷം ഡോസിൻ്റെ കരാറില്‍ ബ്രസീല്‍ ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്. ഇതിനായി കഴിഞ്ഞയാഴ്ച ബ്രസീല്‍ ഒരു വിമാനം കൂടി ഇന്ത്യയിലേക്ക് അയച്ചിരുന്നു.

Most Popular

Recent Comments