ഷഹീന്‍ബാഗ് റോഡ് ഉപരോധം ഒഴിവാക്കാന്‍ സുപ്രീംകോടതി; മധ്യസ്ഥരെ നിയോഗിച്ചു

0

റോഡ് ഉപരോധിച്ച് അനന്തമായി സമരം നടത്തുന്ന ഷഹീന്‍ബാഗിലെ സമരക്കാരുമായി ചര്‍ച്ച നടത്താന്‍ സുപ്രീംകോടതി. മധ്യസ്ഥരായി നിന്ന് ചര്‍ച്ച നടത്താന്‍ രണ്ട് മുതിര്‍ന്ന അഭിഭാഷകരെ കോടതി നിയോഗിച്ചു. സഞ്ജയ് ഹെഗ്‌ഡെ, സാധനാ രാമചന്ദ്രന്‍ എന്നിവരാണ് മധ്യസ്ഥര്‍. സമരവേദി മാറ്റാനാകുമോ എന്നതാണ് ഇവരുടെ മുഖ്യ ചര്‍ച്ച ലക്ഷ്യം. ജനങ്ങളെ മുഴുവന്‍ ബുദ്ധിമുട്ടിക്കുന്ന റോഡ് ഉപരോധം അവസാനിപ്പിക്കുകയാണ് സുപ്രീംകോടതി ലക്ഷ്യമിടുന്നത്. മുന്‍ ചീഫ് വിവരാവകാശ കമ്മീഷണര്‍ വജാഹത്ത് ഹബീബുള്ളയും ചര്‍ച്ചയില്‍ പങ്കെടുക്കും.

സമരം ചെയ്യാനുള്ള മൗലികാവകാശം അംഗീകരിക്കുമ്പോള്‍ തന്നെ ജനങ്ങളെ മുഴുവന്‍ ബുദ്ധിമുട്ടിക്കുന്ന റോഡ് ഉപരോധത്തിന് പകരം മറ്റ് വഴികള്‍ തേടിക്കൂടെ എന്ന് സുപ്രീംകോടതി ആരാഞ്ഞു. സമരക്കാര്‍ക്ക് തന്നെ മറ്റൊരു വേദി സ്വീകരിക്കാമെന്ന് ഡല്‍ഹി പൊലീസ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഗതാഗതം തടസ്സപ്പെടുത്താതെ പ്രതിഷേധം തുടരാന്‍ തയ്യാറാണെന്ന് സമരക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകനും പറഞ്ഞു.