നിതി ആയോഗ് ഇന്ത്യ ഇന്നൊവേഷന്‍ സൂചികയില്‍ കേരളം ഒന്നാമത്

0

നിതി ആയോഗ് പുറത്തിറക്കിയ ഇന്ത്യ ഇന്നൊവേഷന്‍ സൂചികയുടെ ഏറ്റവും പുതിയ കണക്കില്‍ മികച്ച വ്യവസായ അന്തരീക്ഷത്തിലും നൂതനമായ ആശയ സംരംഭങ്ങള്‍ക്ക് സൗകര്യം ഏര്‍പ്പാടാക്കുന്നതിലും കേരളം ഒന്നാമത്. ഏറെ അഭിമാനിക്കാവുന്ന നേട്ടമാണിതെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കുന്നതിൻ്റെ ഭാഗമായി സ്വീകരിച്ച നടപടികള്‍ക്കുള്ള കേന്ദ്രത്തിൻ്റെ അംഗീകരമാണ് പുതിയ നേട്ടമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മാനവ മൂലധന ശേഷിയില്‍ കേരളം രണ്ടാം സ്ഥാനത്താണ്. നേരത്തെ കേന്ദ്രം തയ്യാറാക്കിയ ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ സൂചികയിലും ഏറ്റവും മികച്ച വ്യവസായ അന്തരീക്ഷമുള്ള സംസ്ഥാനം കേരളമായിരുന്നു. പുതിയ സംരംഭങ്ങള്‍ക്ക് മികച്ച അന്തരീക്ഷം സൃഷ്ടിക്കല്‍, പ്രോത്സാഹനം, നല്ല ഭരണം തുടങ്ങിയ ഘടകങ്ങളാണ് മികച്ച സൗഹൃദ സൂചികക്കായി പരിഗണിച്ചത്. ഇന്ത്യ ഇന്നൊവേഷന്‍ സൂചികയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ നില മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനവും കേരളം കരസ്ഥമാക്കി.

കേന്ദ്ര ധനവിനിയോഗ വകുപ്പ് നിര്‍ദ്ദേശിച്ച നിക്ഷേപ സൗഹൃദ പരിഷ്‌കാരങ്ങള്‍ സമയബന്ധിതമായും വിജയകരമായും നടപ്പാക്കിയതിൻ്റെ ഭാഗമായി 2,373 കോടി രൂപയോളം അധിക വായ്പയെടുക്കാന്‍ കേരളത്തിന് കഴിഞ്ഞ ദിവസം കേന്ദ്രം അനുമതി നല്‍കിയിരുന്നു.