കൊവിഡ് -19 വാക്‌സിനായ കൊവിഷീല്‍ഡ് നിര്‍മ്മിക്കുന്ന മഹാരാഷ്ട്രയിലെ പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിൻ്റെ പുതിയ കെട്ടിടത്തില്‍ തീപിടിത്തം. 5 മരണം ഉണ്ടായതായാണ് വാർത്ത. പുതിയ കെട്ടിടത്തിൽ പണിയെടുത്തിരുന്ന തൊഴിലാളികളാണ് മരിച്ചതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
സെറം ഇന്‍സ്റ്റിറ്റ്യൂട്ടിൻ്റെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഡ് വാക്‌സിന്‍ നിര്‍മിക്കുന്ന മേഖലയിലാണ് തീപിടുത്തമുണ്ടായത്. നാശനഷ്ടങ്ങള്‍ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. തീപിടിത്തം കൊവിഡ് വാക്‌സിന്‍ നിര്‍മാണത്തെ ബാധിക്കുമോയെന്ന കാര്യത്തില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതികരിച്ചിട്ടില്ല. ബിസിജെ വാക്സിൻ പ്ലാൻ്റിനടുത്താണ് തീപിടിത്തം.
ഓക്‌സ്‌ഫോര്‍ഡുമായി ചേര്‍ന്ന് ഇന്ത്യയില്‍ വാക്‌സിന്‍ തദ്ദേശമായി നിര്‍മ്മിക്കുന്ന സ്ഥാപനമാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. പത്ത് ഫയര്‍ ട്രക്കുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നു.