യുഎസ് പ്രസിഡന്‍റായി സ്ഥാനമേറ്റ ജോ ബൈഡൻ, വൈസ് പ്രസിഡന്‍റ് കമല ഹാരിസ് എന്നിവര്‍ക്ക് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസിൽ ഒരു പുതിയ അധ്യായം കുറിച്ച ഇരുവർക്കും ആശംസകൾ അറിയിച്ച മോദി, ഒത്തുചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു എന്നും അറിയിച്ചു.
ഇന്ത്യ-യുഎസ് നയതന്ത്ര പങ്കാളിത്തം ശക്തിപ്പെടുത്താൻ ഒത്തുചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു എന്നാണ് ആശംസകൾ അറിയിച്ച് മോദി കുറിച്ചത്. ‘യുഎസ് പ്രസിഡന്‍റായി സ്ഥാനമേറ്റ ജോ ബൈഡന് എന്‍റെ ഊഷ്മളമായ ആശംസകൾ. ഇന്ത്യ-യുഎസ് നയതന്ത്ര പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ അദ്ദേഹത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു’. ജോ ബൈഡനെ ടാഗ് ചെയ്ത് മോദി കുറിച്ചു.
ഇന്ത്യ-യുഎസ് പങ്കാളിത്തം മൂല്യങ്ങള്‍ പങ്കിടുന്നത് അടിസ്ഥാനമാക്കിയുള്ളതാണ്. ഞങ്ങൾക്ക് ഗണ്യമായ ബഹുമുഖ ഉഭയകക്ഷി അജണ്ടയാണുള്ളത്. ഇന്ത്യ-യുഎസ് പങ്കാളിത്തത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ പ്രസിഡന്‍റ് ജോ ബൈഡനുമായി ഒത്തുചേര്‍ന്ന് പ്രവർത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും മറ്റൊരു ട്വീറ്റിൽ മോദി കുറിച്ചു.
പൊതുവായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലും ആഗോള സമാധാനവും സുരക്ഷയും മുന്നോട്ട് കൊണ്ടുപോകുന്നതിലും ഐക്യത്തോടെയും ഊർജ്ജസ്വലതയോടെയും എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളുമ്പോൾ യുഎസ്എയെ നയിക്കുന്ന വിജയകരമായ ഒരു പദത്തിലെത്തിയതിന് ആശംസകൾ എന്നും മോദി കുറിച്ചു.
ഉപരാഷ്ട്രപതി വെങ്കയ്യനായിഡു, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവരും അമേരിക്കയുടെ പുതിയ ഭരണത്തലവൻമാർക്ക് അഭിനന്ദനം അറിയിച്ച് പ്രതികരിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വരുംവർഷങ്ങളിൽ കൂടുതൽ മെച്ചപ്പെടുമെന്ന് ഉറപ്പാണെന്നാണ് അഭിനന്ദനം അറിയിച്ച് വെങ്കയ്യ നായിഡു ട്വീറ്റ് ചെയ്തത്.