സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ പി ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്തു നിന്നു നീക്കം ചെയ്യണമെന്ന പ്രമേയം ഇന്ന് നിയമസഭ ചർച്ച ചെയ്യും. സ്വർണക്കടത്തു കേസിൽ ആരോപണ വിധേയനായ സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം മുസ്ലിം ലീഗിലെ എം ഉമ്മർ അവതരിപ്പിക്കും. കേരള നിയമസഭയുടെ ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് സ്പീക്കറെ നീക്കം ചെയ്യൽ പ്രമേയം ചർച്ചയ്ക്കെടുക്കുന്നത്.
സ്വർണക്കടത്ത്- ഡോളർ കടത്ത് കേസുകളും നിയമസഭയിലെ നിർമാണ പ്രവർത്തനങ്ങളിലെ ധൂർത്തുമാണ് പ്രതിപക്ഷ നോട്ടീസിന് ആധാരം. ചോദ്യോത്തര വേള കഴിഞ്ഞാലുടൻ, പത്തു മണിക്ക് ഉമ്മറിൻ്റെ നോട്ടീസ് സഭ പരിഗണിക്കും. പ്രമേയത്തിൽ ചർച്ചയാകാമെന്ന് സ്പീക്കർ അറിയിക്കും. പ്രമേയം പരിഗണനയ്ക്കെടുക്കുമ്പോൾ സ്പീക്കർ ഡെപ്യൂട്ടി സ്പീക്കറുടെ ഇരിപ്പിടത്തിലേക്കു മാറും. ഡെപ്യൂട്ടി സ്പീക്കർ സഭ നിയന്ത്രിക്കും. സ്പീക്കർക്കും തൻ്റെ ഭാഗം വിശദീകരിക്കാൻ അവസരമുണ്ടാകും.
പ്രമേയത്തിൽ രണ്ടു മണിക്കൂർ ചർച്ചയ്ക്കാണ് തീരുമാനം. ചർച്ചയ്ക്കൊടുവിൽ വോട്ടെടുപ്പ് നടത്തും. സഭയിൽ ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ളതിനാൽ പ്രമേയം പരാജയപ്പെടും. അതു കഴിഞ്ഞാലുടൻ ശ്രീരാമകൃഷ്ണന് സ്പീക്കറുടെ ഇരിപ്പിടത്തിലേക്കു മാറാം.
1982ൽ എ സി ജോസും 2004 ൽ വക്കം പുരുഷോത്തമനുമാണ് ഇതിനു മുമ്പ് സമാന പ്രമേയം നേരിടേണ്ടി വന്ന സ്പീക്കർമാർ . തുടർച്ചയായ കാസ്റ്റിംഗ് വോട്ടുകളാണ് എ സി ജോസിനെതിരായ പ്രമേയത്തിന് കാരണമായത്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ റിബൽ സ്ഥാനാർത്ഥിയായിരുന്ന കോടോത്ത് ഗോവിന്ദൻ നായരെ പിന്തുണച്ച കോൺഗ്രസ് എം എൽ എ മാരെ ഭീഷണിപ്പെടുത്തുന്നു എന്നാരോപിച്ചായിരുന്നു വക്കം പുരുഷോത്തമനെതിരായ നോട്ടീസ്. രണ്ടു പ്രമേയങ്ങളും പരാജയപ്പെടുകയായിരുന്നു.