ബിജെപിയുടെ വളർച്ച ശ്രദ്ധിക്കണമെന്ന് സിപിഎം; 35 മണ്ഡലങ്ങൾ നിർണായകം

0

സംസ്ഥാനത്ത് പല മണ്ഡലങ്ങളിലും നിർണായക  ശക്തിയായി വളരുന്ന ബിജെപിയെ ശ്രദ്ധിച്ച് പ്രവർത്തനം വിപുലപ്പെടുത്തണമെന്ന് സിപിഎം നിർദേശം. 20 ശതമാനമോ അതിൽ അധികമോ വോട്ട് നേടിയ നിയോജക മണ്ഡലങ്ങളിലെ ഇടതുമുന്നണി പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്നും സംസ്ഥാന കേന്ദ്ര നിർദേശം നൽകുന്നു.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ 35 മണ്ഡലങ്ങളിൽ ബിജെപിക്ക് 20 ശതമാനത്തിൽ അധികം വോട്ടുണ്ട്. ഇത് തള്ളിക്കളയാവുന്നതല്ല. 20 ശതമാനം വോട്ട് നേടുക എന്നത് വളർച്ചയുടെ അളവ് കോലാണ്. സംസ്ഥാനത്ത് 20 ശതമാനം വോട്ട് നേടലാണ് ബിജെപി ലക്ഷ്യമിടുന്നത്. ആകെയുള്ള 140 മണ്ഡലങ്ങളിലെ 35 ഇടത്താണ് ഇപ്പോൾ തന്നെ അവർ ലക്ഷ്യം നേടിയെടുത്തത്.

മൊത്തം വോട്ട് വിഹിതത്തിൽ കാര്യമായ മുന്നേറ്റം നടത്താൻ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്കായില്ല. എന്നാൽ 35 മണ്ഡലങ്ങളിൽ കാൽ ലക്ഷത്തിലധികം വോട്ട് നേടാനായി. 55 മണ്ഡലങ്ങളിൽ ഇരുപതിനായിരത്തിൽ അധികമാണ് വോട്ട്. 25 മണ്ഡലങ്ങളിൽ മാത്രമാണ് പതിനായിരത്തിൽ താഴെ വോട്ടെന്നതും ശ്രദ്ധിക്കണം. ബിജെപി യുഡിഎഫിൻ്റെ വോട്ട് പിടിക്കുന്നതു കൊണ്ടാണ് കഴിഞ്ഞ നിയമസഭ, തദ്ദേശ ഭരണ തിരഞ്ഞെടുപ്പുകളിൽ പലയിടത്തും എൽഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചത്.

നിലവിൽ 36 മണ്ഡലങ്ങളിൽ ബിജെപിക്ക് കാര്യമായ സ്വാധീനമുണ്ട്. ഇവിടങ്ങളിൽ വിജയിക്കാനായി പരമാവധി ശ്രമം ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടാകും. നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം, കാട്ടാക്കട, പാറശാല, കോവളം, നെടുമങ്ങാട്, ആറ്റിങ്ങൽ, ചിറയിൻകീഴ്, അരുവിക്കര, കരുനാഗപ്പള്ളി, കുണ്ടറ, ചാത്തന്നൂർ, ഇരവിപുരം, കുന്നത്തൂർ, കൊട്ടാരക്കര, തൃശൂർ,മണലൂർ, കുന്നംകുളം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ പുതുക്കാട്, നാട്ടിക, പാലക്കാട്, മലമ്പുഴ, ചേലക്കര, ഒറ്റപ്പാലം, ഷൊർണൂർ, നെന്മാറ, കുന്നമംഗലം, കോഴിക്കോട് നോർത്ത്, ഉദുമ, മഞ്ചേശ്വരം, കാസർകോട് എന്നിവയാണ് ബിജെപി ശക്തിയായി വളർന്ന മണ്ഡലങ്ങളെന്നും സിപിഎം വിശദീകരിക്കുന്നു.