കിഫ്ബി മസാല ബോണ്ട് ഭരണഘടനാ വിരുദ്ധം

0

കിഫ്ബി വിഷയത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്ന സിഎജി റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്തു വെച്ചു. കിഫ്ബി മസാല ബോണ്ട് ഭരണഘടനാ വിരുദ്ധവും കേന്ദ്രസർക്കാരിന്‍റെ അധികാരത്തിൽ കടന്നുകയറുന്നതുമാണെന്ന് സിഎജി റിപ്പോർട്ടിലുണ്ട്. കിഫ്ബിയിലെ കടമെടുപ്പ് സംസ്ഥാന സർക്കാരിന്‍റെ ബാധ്യത ആയി മാറുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

കിഫ്ബി സംസ്ഥാനത്തിന്‍റെ പ്രത്യക്ഷ ബാധ്യതയാണെന്നും മസാല ബോണ്ട് ബാഹ്യമായ കടമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കിഫ്ബിക്ക് സ്വന്തമായ വരുമാന സ്രോതസില്ലെന്നും കടമെടുപ്പ് തനത് വരുമാനത്തിലെ ബാധ്യതയാകുമെന്നും സിഎജി പറയുന്നു.

ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ കേരളം മറികടന്നെന്ന ഗുരുതരമായ പരാമർശവും സിഎജി റിപ്പോർട്ടിലുണ്ട്. വിദേശ കടമെടുപ്പിനുള്ള അധികാരം കേന്ദ്രത്തിന് മാത്രമാണ്. കേരളത്തിന്‍റേത് ഇല്ലാത്ത അധികാരമാണെന്നും കേന്ദ്ര സർക്കാരിന്‍റെ അധികാരത്തിൻമേൽ കടന്നുകയറിയെന്നും പരാമർശമുണ്ട്. കിഫ്ബി വഴിയുള്ള കടമെടുപ്പ് ഭരണഘടനാ വിരുദ്ധവും സർക്കാരിന് വൻ ബാധ്യത ഉണ്ടാക്കുമെന്നും സിഎജി കണ്ടെത്തിയെന്ന് പറഞ്ഞ് ധനമന്ത്രി തന്നെയാണ് റിപ്പോർട്ടിന്‍റെ ഉള്ളടക്കം നേരത്തെ പരസ്യമാക്കിയത്. ഇത് വൻ വിവാദമായി മാറിയിരുന്നു. ആദ്യം പുറത്തുവിട്ടത് കരടാണെന്നായിരുന്നു ധനമന്ത്രി പറഞ്ഞത്. എന്നാൽ അന്തിമ റിപ്പോർട്ടാണെന്ന് ചൂണ്ടിക്കാട്ടി സിഎജി വാർത്താകുറപ്പ് പുറത്തിറക്കി.