സംസ്ഥാനത്ത് കനത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങളെ പരിചയപ്പെടുത്തുകയാണ് മലയാളി ഡസ്‌ക്ക്. തൃശൂര്‍ ജില്ലയിലെ പുതുക്കാട് മണ്ഡലമാണ് ഇന്ന്.
മന്ത്രി സി രവീന്ദ്രനാഥിൻ്റെ മണ്ഡലം എന്ന പേരില്‍ പ്രശസ്തമാണ് പുതുക്കാട്. എന്നാല്‍ ഇക്കുറി അതിന് മാറ്റം വരുത്തുമെന്ന ഉറപ്പിലാണ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ. കെ പി വിശ്വനാഥനിലൂടെ നിലനിര്‍ത്തിയിരുന്ന മണ്ഡലം തിരിച്ചുപിടിക്കും എന്ന് വാശിയിലാണ് യുഡിഎഫ്. അതുകൊണ്ട് തന്നെ പ്രവചനാതീതമാകും പുതുക്കാടിൻ്റെ തിരഞ്ഞെടുപ്പ് ഫലം.
സി രവീന്ദ്രനാഥ് തുടര്‍ച്ചയായി വിജയിക്കുന്നതിനാലാണ് മാഷിൻ്റെ മണ്ഡലം എന്ന പേരില്‍ പുതുക്കാട് അറിയപ്പെടുന്നത്. ഇക്കുറി രവീന്ദ്രനാഥ് മത്സരിക്കുമോ എന്നതില്‍ ഇപ്പോഴും ആശങ്ക നിലനില്‍ക്കുകയാണ്. മത്സരത്തിന് ഇനി ഇല്ല എന്ന തൻ്റെ ആഗ്രഹം അടുപ്പക്കാരോട് പറഞ്ഞതായാണ് വാര്‍ത്തകള്‍. രവീന്ദ്രനാഥ് മത്സരിച്ചില്ലെങ്കില്‍ പിന്നെയാര് എന്നതിന് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇടതുപക്ഷ മുന്നണി. യുവാക്കള്‍ക്ക് അവസരം നല്‍കി മണ്ഡലം നിലനിര്‍ത്തുക എന്ന ആശയവും എല്‍ഡിഎഫിൻ്റെ മുന്നിലുണ്ട്.
എന്നാല്‍ മുന്നണിയില്‍ നിന്നുള്ള സമ്മര്‍ദ്ദം മൂലം സി രവീന്ദ്രനാഥ് തന്നെ മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നവരും ഉണ്ട്. സ്ഥാനാര്‍ഥി ആരെന്ന് വ്യക്തമായില്ലെങ്കിലും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അവരുടെ ജോലി തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരുന്ന സുരേഷ് ഗോപി ഇവിടെ ഒന്നാമതെത്തിയതിൻ്റെ ആത്മവിശ്വാസത്തിലാണ് ബിജെപിയും എന്‍ഡിഎയും. ശക്തമായ പ്രവര്‍ത്തനവും മതന്യൂനപക്ഷങ്ങളില്‍ നിന്നുള്ള കൂടുതല്‍ സ്വീകാര്യതയും അവരുടെ പ്രതീക്ഷ കൂട്ടുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിലെ മേധാവിത്വം ചോരാതിരിക്കാന്‍ ജനപ്രിയനായ സാരഥിയാകും ബിജെപി രംഗത്തിറക്കുക. നിലവിലെ സാഹചര്യത്തില്‍ മുന്‍ ജില്ലാ പ്രസിഡണ്ട് കൂടിയായ എ നാഗേഷാവും സ്ഥാനാര്‍ഥിയെന്നാണ് സൂചന.
മണ്ഡലത്തിലെ മുന്‍ സ്ഥാനാര്‍ഥിയെന്ന നിലയിലും സാധാരണക്കാരനെന്ന ഇമേജും നാഗേഷിന് കരുത്താവുമെന്ന വിശ്വാസമാണ് അണികള്‍ക്ക്. പാര്‍ടിയിലെന്ന പോലെ സമൂഹത്തിലും പ്രശ്‌നപരിഹാരകൻ്റെ പരിവേഷമുണ്ട് എ നാഗേഷിന്. നാഗേഷിൻ്റെ പേര് മാത്രമാണ് നിലവില്‍ ബിജെപി പാളത്തില്‍ പറഞ്ഞു കേള്‍ക്കുന്നത്.
കഴിഞ്ഞ തവണ ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ടായിരുന്ന സുന്ദരന്‍ കുന്നത്തുള്ളി ആയിരുന്നു യുഡിഎഫിനായി മത്സരിച്ചത്. ഇക്കുറി സുന്ദരന് പകരം പല പേരുകളും പറഞ്ഞു കേള്‍ക്കുന്നു. കോണ്‍ഗ്രസിലെ രണ്ട് ഗ്രൂപ്പുകളില്‍ നിന്നുള്ളവരുടെ പേരുകളും ഇവിടെ പറഞ്ഞു കേള്‍ക്കുന്നു. എന്നാല്‍ ഗ്രൂപ്പിന് അതീതമായി ജയസാധ്യതയാകും ഇക്കുറി യുഡിഎഫ് പരിഗണിക്കുക. പ്രത്യേകിച്ചും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ തകര്‍ച്ചക്ക് ഗ്രൂപ്പ് അതിപ്രസരം ഗതിവേഗം കൂട്ടി എന്ന വിലയിരുത്തല്‍ ഉള്ള സാഹചര്യത്തില്‍.
ഇക്കുറി തങ്ങള്‍ക്ക് പുതുക്കാട് സീറ്റ് നല്‍കണമെന്ന ആവശ്യം യൂത്ത് കോണ്‍ഗ്രസ് ഉന്നയിച്ചിട്ടുണ്ട്. ശക്തമായ മത്സരമല്ല ജയം തന്നെയാണ് ലക്ഷ്യമിടുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
ഭരണത്തുടർച്ച എല്‍ഡിഎഫ് ലക്ഷ്യം വെക്കുമ്പോള്‍ പിടിച്ചെടുക്കാനാണ് യുഡിഎഫ് മത്സരിക്കുന്നത്. കേരളത്തിലും ഭരണം ലക്ഷ്യമിടുന്ന എന്‍ഡിഎ സംസ്ഥാനത്ത് മുന്തിയ പരിഗണന നല്‍കുന്ന മണ്ഡലമാണ് പുതുക്കാട് എന്നതിനാൽ വിജയത്തിൽ കുറഞ്ഞതൊന്നും അവരെ സംതൃപ്തിപ്പെടുത്തില്ല. മൂന്ന് മുന്നണികളും ശക്തമായി മുന്നേറുമ്പോള്‍ വിജയം പ്രവചിക്കുക അസാധ്യം.