രാജ്യത്ത് കോവിഡ‍് വാക്സിൻ സൗജന്യമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

0

രാജ്യത്ത് കോവിഡ‍് വാക്സിൻ സൗജന്യമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. വാക്സിൻ ട്രയലിൽ സുരക്ഷയ്ക്കും കാര്യക്ഷമതയ്ക്കുമാണ് മുൻഗണന നൽകുന്നതെന്നും ഒരു തരത്തിലുള്ള വിട്ടുവീഴ്ച്ചയും ഉണ്ടാകില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പു നൽകി. കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

വാക്സിനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കിംവദന്തികളിൽ വിശ്വസിക്കരുതെന്നും എല്ലാ വശങ്ങളും പരിശോധിച്ചാണ് വാകിസിനേഷൻ ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. പോളിയോ വാക്സിൻ‌ സമയത്തും പലതരത്തിലുള്ള ഊഹാപോഹങ്ങളും പ്രചരണങ്ങളും ഉണ്ടായിരുന്നു. എന്നാൽ ജനങ്ങൾ വാക്സിൻ സ്വീകരിക്കുകയും ഇന്ത്യ പോളിയോ മുക്തമാകുകയും ചെയ്തുവെന്നും മന്ത്രി ഓർമിപ്പിച്ചു. ഡൽഹിയിൽ സർക്കാർ ഡ്രൈ വാക്സിനേഷൻ റൺ വിലയിരുത്താനെത്തിയതായിരുന്നു മന്ത്രി.

ഡൽഹിയിൽ മാത്രമല്ല, രാജ്യത്ത് മുഴുവൻ വാക്സിൻ സൗജന്യമായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇന്ത്യയിൽ രണ്ടാം തവണയാണ് ഡ്രൈ റൺ നടക്കുന്നത്. അസം, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുത്ത ജില്ലകളിലായിരുന്നു ആദ്യഘട്ടത്തിൽ ഡ്രൈ റൺ നടന്നത്. കേരളത്തിലും കോവിഡ് വാക്‌സിന്റെ ഡ്രൈ റൺ നടന്നു. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട് എന്നീ നാല് ജില്ലകളില്‍ തിരഞ്ഞെടുത്ത ആശുപത്രികളിലാണ് ഡ്രൈ റൺ നടന്നത്.