സംസ്ഥാനത്ത് പുതിയൊരു രാഷ്ട്രീയ പാർടി കൂടി വരുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നത്. കർഷക സംഘടനകളെ ചേർത്താണ് പാർട്ടിയുടെ രൂപീകരണം. കേരള കർഷക വ്യാപാരി പാർട്ടി എന്നായിരിക്കും പാർട്ടിയുടെ പേര്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാനുള്ള ശ്രമത്തിലാണ് സംഘാടകർ.
ഈ മാസം പാർട്ടി പ്രഖ്യാപിക്കാനാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം. ഒരുലക്ഷം പേരെ അണിനിരത്തിയാകും പ്രഖ്യാപനം. നിലവിൽ പത്തരലക്ഷം അംഗങ്ങളാണ് ഏകോപന സമിതിക്ക് ഉള്ളത്. ഇതിനാൽ തന്നെ പ്രധാന രാഷ്ട്രീയ പാർട്ടിയായി വളരാനാവുമെന്നാണ് കണക്കുകൂട്ടൽ. പാർട്ടി പ്രഖ്യാപനത്തിന് മുന്നോടിയായി കർഷക സംഘടനകളുമായി ചർച്ച പൂർത്തിയാക്കിയിട്ടുണ്ട്.
കൃഷിക്കാരും ചെറുകിട കച്ചവടക്കാരുമാണ് രാജ്യത്തെ മുഴുവൻ നയിക്കുന്ന സാമ്പത്തികശേഷിയെന്ന് ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീൻ പറഞ്ഞു. അവൻ്റെ കൈ അവൻ്റെ തലയ്ക്കുവെച്ച് ഉറങ്ങണം അതിനാണ് പാർട്ടി ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മുന്നണികളോട് നിലവിൽ സമദൂര നയമാണ്. എന്നാൽ ചർച്ചകൾക്കായുള്ള വാതിൽ അടച്ചിടില്ലെന്നും ടി. നസറുദ്ദീൻ പറഞ്ഞു.