കെഎസ്ആർടിസിയിലെ അംഗീകൃത യൂണിയനായി ബിഎംഎസും

0

കെഎസ്ആർടിസിയിലെ അംഗീകൃത യൂണിയനായി ബിഎംഎസ് നേതൃത്വം നൽകുന്ന കെ.എസ്.ടി എംപ്ലോയിസ് സംഘ്. ഹിതപരിശോധനയിൽ 80 ശതമാനം വോട്ട് എണ്ണിയപ്പോൾ 18 ശതമാനം വോട്ട് നേടിയാണ് കെ.എസ്.ടി എംപ്ലോയിസ് സംഘ് ചരിത്രം കുറിച്ചത്.

ആദ്യമായാണ് ബിഎംഎസ് നേതൃത്വത്തിലുള്ള യൂണിയൻ അംഗീകൃത യൂണിയനായി തെരഞ്ഞെടുക്കപ്പെടുന്നത്. കെഎസ്ആർടിസിയിൽ അംഗീകൃത യൂണിയൻ ആകുന്നതിന് 15 ശതമാനം വോട്ട് ആണ് വേണ്ടത്. 80 ശതമാനം വോട്ട് എണ്ണിയപ്പോൾ തന്നെ കെ.എസ്.ടി എംപ്ലോയിസ് സംഘ് അംഗീകൃത യൂണിയന് വേണ്ട ഭൂരിപക്ഷത്തിൽ എത്തി.

സിഐടിയു നേതൃത്വം നൽകുന്ന കെഎസ്ആർടിസി എംപ്ലോയീസ് അസോസിയേഷനും ഐഎൻടിയുസി നേതൃത്വം നൽകുന്ന ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫ്രണ്ടിനും കഴിഞ്ഞ തവണ ഉണ്ടായ നേട്ടം ആവർത്തിക്കാനായില്ല.

കോർപ്പറേഷന്റെ സാമ്പത്തികനില മോശമായതും ഡിപ്പോകൾ പൂട്ടിയതും എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ടതും അടക്കമുള്ള കാര്യങ്ങളാണ് കെ.എസ്.ടി എംപ്ലോയിസ് സംഘ് അടക്കമുള്ള യൂണിയനുകൾ പ്രചാരണ വിഷയമാക്കിയത്. 2016 മെയ്‌ 25ന് നടന്ന ഹിതപരിശോധനയിൽ കെഎസ്ആർടിസി എംപ്ലോയീസ് അസോസിയേഷനും ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫ്രണ്ടിനും മാത്രമേ അംഗീകൃത യൂണിയൻ ആകുന്നതിനുള്ള വോട്ട് ശതമാനം ലഭിച്ചിരുന്നുള്ളൂ.