കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിനെതിരെ ലക്ഷദ്വീപിൽ പ്രതിഷേധം പുകയുന്നു. പുതിയ ഉത്തരവ് ദ്വീപുകളിൽ കോവിഡ് രോഗത്തെ കൊണ്ടുവരുമെന്ന ആശങ്കയിലാണ് ദ്വീപ് നിവാസികൾ. ഇതിനെതിരെ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് എല്ലാ ദ്വീപുകളിൽ ഉള്ളവരും.
പുതിയ ഉത്തരവ് (എസ്ഒപി) പ്രകാരം കോവിഡ് കാലത്തിന് മുമ്പേയുള്ള രീതിയിലേക്ക് മാറുകയാണ് ലക്ഷദ്വീപുകളും. ലോകത്ത് ജനിതക മാറ്റം വന്ന വൈറസ് പിടിമുറുക്കുമ്പോഴാണ് ലക്ഷദ്വീപ് ഭരണകൂടത്തിൻ്റെ പുതിയ സ്റ്റാൻ്റേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജൂർ എന്ന എസ്ഒപി ഈമാസം 22ന് ഇറക്കിയത്. തിങ്കളാഴ്ച മുതൽ പ്രാബല്യമുണ്ട് ഉത്തരവിന്.
ഇതുപ്രകാരം ഇനി ദ്വീപുകളിലേക്ക് വരുന്നവർക്ക് ക്വാറൻ്റീൻ ഉണ്ടാവില്ല. നിലവിൽ ദ്വീപുകളിലേക്ക് വരുന്നവർക്ക് ഏഴു ദിവസം ക്വാറൻ്റീൻ നിർബന്ധമാണ്. ഇനി അതുണ്ടാവില്ല. ഇതോടെ രോഗികളെ തിരിച്ചറിയാനാവില്ലെന്നും രോഗത്തെ തടയാനാവില്ലെന്നു ദ്വീപുകാർ ആശങ്കപ്പെടുന്നു.
കപ്പലുകളിലെ ജീവനക്കാർക്ക് നിലവിൽ ദ്വീപുകളിൽ ഇറങ്ങാനാവില്ല. ഇനി അവർക്ക് യഥേഷ്ടം ദ്വീപുകളിൽ പ്രവേശിക്കാം. ഇതെല്ലാം രോഗ വ്യാപനത്തിന് ഇടയാക്കും. വിമാനയാത്രക്കാർക്കും ഇനി നിയന്ത്രണങ്ങൾ ഇല്ല. ലോകമെങ്ങും കോവിഡ് പടർന്നപ്പോഴും രോഗത്തിൽ നിന്ന് അകന്നു നിൽക്കുകയായിരുന്നു ഈ ദ്വീപുകൾ. കർശനമായ നിയന്ത്രണങ്ങളാണ് ദ്വീപുകളെ കോവിഡിൽ നിന്ന് അകറ്റിയത്.
പുതിയ തീരുമാനത്തിനെതിരെ പരസ്യ പ്രതിഷേധത്തിലാണ് നിവാസികൾ. അടുത്ത ദിവസം മുതൽ കുട്ടികളെ സ്കൂളുകളിലേക്ക് അയക്കില്ലെന്ന തീരുമാനം എടുത്തിരിക്കുകയാണ് രക്ഷിതാക്കൾ. കൽപ്പേനി അടക്കമുള്ള ദ്വീപുകളിൽ ഗ്രാമസഭകൾ ചേർന്ന് പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചു. കുട്ടികളെ സ്കൂളുകളിൽ അയക്കേണ്ടെന്നും തീരുമാനിച്ചു. സ്കൂളുകൾ വേണ്ടിവന്നാൽ അടച്ചിടണം എന്നും പല ദ്വീപുകളിലും ആവശ്യമുയർന്നു.
പുതിയ ഉത്തരവ് ദ്വീപുകളെ രോഗ കേന്ദ്രങ്ങളാക്കും എന്നതിനാൽ പിൻവലിക്കണം എന്നാണ് എല്ലാ ദ്വീപുകളിൽ ഉള്ളവരുടേയും ആവശ്യം. പ്രത്യക്ഷ സമരവും ദ്വീപുകളിൽ അരങ്ങേറുന്നു. അഡ്വ പി കെ സലീം ഒറ്റയാൾ സത്യാഗ്രഹം നടത്തി. തീരുമാനം ഉടൻ പിൻവലിച്ചില്ലെങ്കിൽ അതിശക്തമായ സമരങ്ങൾക്കാവും ലക്ഷദ്വീപ് സമൂഹം സാക്ഷിയാവുക.