കമൽ ഹാസന്‍റെ മക്കൾ നീതി മയ്യം പാര്‍ട്ടി വൈസ് പ്രസിഡന്‍റ് എ.അരുണാചലം ബിജെപിയിൽ ചേർന്നു. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കമലിന് തിരിച്ചടിയായിരിക്കുകയാണ് പാർട്ടി വൈസ് പ്രസിഡന്‍റിന്‍റെ കൂടുമാറ്റം. തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങി നിൽക്കുന്നകമൽ ഹാസന്‍റെ മക്കൾ നീതി മയ്യം നേതൃത്വത്തിൽ പ്രചാരണ പ്രവർത്തനങ്ങളും ആരംഭിച്ചിരുന്നു. ഇതിനിടെയാണ് പാർട്ടി സ്ഥാപക നേതാക്കളിലൊരാൾ കൂടിയായ അരുണാചലം ബിജെപിയിലേക്ക് ചുവടു മാറിയത്.
കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന്‍റെ സാന്നിധ്യത്തില്‍ ചെന്നൈയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്രത്തിന്‍റെ പുതിയ കാർഷിക നിയമങ്ങളെ പിന്തുണയ്ക്കാൻ പാർടി തയ്യാറാകാത്തതിനെ തുടർന്നാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ് അരുണാചലത്തിന്‍റെ പ്രതികരണം.