ബിജെപി ഒറ്റക്കെട്ടായി മുന്നോട്ട് പോകും, സര്‍ക്കാരിന്റെ അഴിമതിക്കെതിരെ ശക്തമായ പോരാട്ടം: കെ സുരേന്ദന്‍

0

ബിജെപി ഒറ്റക്കെട്ടാണെന്നും ഒരു ടീമായി തന്നെ മുന്നോട്ട് കൊണ്ടുപോകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അധ്യക്ഷപദവിയിലേക്ക് പല പേരുകള്‍ ഉയര്‍ന്നുവരും. അവസാനം ഒരു പേരില്‍ എത്തിനില്‍ക്കും. അതിനര്‍ഥം സ്ഥാനം ലഭിക്കാത്തവര്‍ യോഗ്യരല്ലെന്നോ സ്ഥാനം ലഭിച്ചവര്‍ മറ്റുള്ളവരേക്കാള്‍ ഉയര്‍ന്നാളെന്നോ അല്ല. ഉയര്‍ന്നുവന്ന പല പേരുകളും തന്നേക്കാള്‍ യോഗ്യരായവരുടേതാണ്. എല്ലാവരേയും ഒന്നിപ്പിച്ച് കൊണ്ടുപോകും. അതിനായി നുതിര്‍ന്ന നേതാക്കളുടേയും ഒപ്പമുള്ളവരുടേയും താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുടേയും പിന്തുണ ഉറപ്പാക്കും.

ജനങ്ങള്‍ ഇപ്പോള്‍ പിണറായി സര്‍ക്കാരിന്റെ അഴിമതിയില്‍ മടുത്തിരിക്കുകയാണ്. എല്ലാവരേയും ഉള്‍പ്പെടുത്ത് ശക്തമായ പ്രക്ഷോഭം സംസ്ഥാനത്ത് ഉയര്‍ന്ന് വരണം. സിഎഎയുടെ മറവില്‍ മുസ്ലീം സഹോദരങ്ങളെ ഭീതിയിലാഴ്ത്തി വോട്ട്ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ് ഇരുമുന്നണികളും. ഇതിനെതിരെ വ്യാപക പ്രചാരണം ഉണ്ടാവണം.

കുട്ടനാട് തെരഞ്ഞടുപ്പ് അടക്കമുള്ള വിഷയങ്ങളില്‍ മുതിര്‍ന്ന നേതാക്കളുമായി കേന്ദ്ര നേതൃത്വവുമായും ചര്‍ച്ച നടത്തിയ ശേഷമേ അന്തിമ തീരുമാനം എടുക്കുകയള്ളൂവെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.