ഗവർണർ വിശദീകരണം തേടി, പ്രത്യേക സമ്മേളനം അനിശ്ചിതത്വത്തിൽ

0

പ്രത്യേക നിയമസഭ സമ്മേളനം ചേരുന്നതില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടി. സഭ സമ്മേളനം നേരത്തെ ചേരാനുള്ള സാഹചര്യം വിശദീകരിക്കാനാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് സർക്കാർ മറുപടി നൽകിയെന്നാണ് വിവരം. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ കാര്‍ഷിക നിയമ ഭേദഗതികള്‍ തള്ളിക്കളയാനായിരുന്നു  ബുധനാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നത്. ഗവർണർ വിശദീകരണം തേടിയതോടെ സമ്മേളനം അനിശ്ചിതത്വത്തിൽ ആയി.

കേന്ദ്ര സർക്കാരിൻ്റെ  കാർഷിക നിയമ ഭേദഗതി  വോ‍ട്ടിനിട്ട് തള്ളാനായിരുന്നു സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നത്.   ഇതിനായി മന്ത്രിസഭാ യോഗം ചേർന്ന് ഗവർണർക്ക് ശുപാർശ നൽകിയിരുന്നു. കൃഷി നിയമ ഭേദഗതി പ്രമേയത്തിലൂടെ വോ‍ട്ടിനിട്ട് തള്ള‍ുന്നതിനൊപ്പം ഭേദഗതി നിരാ‍കരിക്കാനും ആലോചനയുണ്ടായിരുന്നു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന 3 നിയമ‍ ഭേദഗതികൾക്കെതിരെയും സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്യാനും ആലോചിക്കുന്നുണ്ട്.

ഗവർണറുടെ അനുമതി ലഭിച്ചാല്‍ ബുധനാഴ്ച ഒരു മണിക്കൂറാണ് സഭ സമ്മേളിക്കുക. പ്രത്യേക സമ്മേളനത്തില്‍ കക്ഷി നേതാക്കള്‍ മാത്രമാവും സംസാരിക്കുക. സംസ്ഥാനത്ത് എൽഡിഎഫും യുഡിഎഫും  പുതിയ കാര്‍ഷിക നിയമങ്ങളെ എതിര്‍ക്കുകയാണ്. ബിജെപിയുടെ ഏക അംഗത്തിന്റെ എതിര്‍പ്പോടെ നിയമ ഭേദഗതികള്‍ തള്ളിക്കളയുന്ന പ്രമേയം പ്രത്യേക സമ്മേളനം പാസാക്കിയേക്കും. കേരളത്തില്‍ നിയമം നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.