ട്വൻ്റി 20ക്ക് ഭരണം ലഭിച്ച നാല് പഞ്ചായത്തുകളിലും ഭരണ നേതൃത്വം വനിതകൾക്ക്. വനിതാ പ്രസിഡൻ്റുമാരായിരിക്കും ഭരിക്കുക എന്ന് ട്വൻ്റി 20 നേതൃത്വം അറിയിച്ചു. . മൂന്ന് വൈസ് പ്രസിഡൻ്റുമാരും ഭൂരിഭാഗം സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളും വനിതകൾ തന്നെയാകും.
കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂർ എന്നിവിടങ്ങളിലാണ് ട്വൻ്റി 20 ഒറ്റയ്ക്ക് അധികാരത്തിൽ എത്തിയത്. കിഴക്കമ്പലവും ഐക്കരനാടും വനിത സംവരണം ആയിരുന്നു. കിഴക്കമ്പലത്ത് മിനി രതീഷ്, ഐക്കരനാട് ഡീന ദീപക്, കുന്നത്തുനാട് നിതാ മോൾ എംവി, മഴുവന്നൂർ ബിൻസി ബൈജു എന്നിവരാണ് ട്വൻ്റി 20 വനിതാ പ്രസിഡൻ്റുമാർ.
കുന്നത്തുനാട് ഒഴികെ മറ്റു മൂന്നു ഇടങ്ങളിലെ വൈസ് പ്രസിഡന്റുമാരും വനിതകൾ തന്നെ. നാല് പഞ്ചായത്തുകളിലെ 12 സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളിൽ ഒമ്പത് പേരും സ്ത്രീകളാണ്. പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളും ഉൾപ്പെടുന്ന ഇരുപതിൽ 16 പേരും സ്ത്രീകൾ തന്നെ.
സ്ത്രീകളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് പ്രസിഡന്റ് പദവി നൽകിയതെന്ന് ട്വൻ്റി 20 ചീഫ് കോഡിനേറ്റർ സാബു എം ജേക്കബ് പറഞ്ഞു. എന്നാൽ, പുരുഷൻമാരെ പൂർണമായും ഒഴിവാക്കി വനിതകളെ പ്രസിഡൻ്റ് പദവിയിൽ നിയമിച്ചത് പഞ്ചായത്തുകളുടെ ഭരണനിയന്ത്രണം ട്വൻ്റി 20ക്ക് എളുപ്പമാക്കുന്നതിന് വേണ്ടിയെന്നാണ് എൽ ഡി എഫിന്റെയും യു ഡി എഫിന്റെയും ആരോപണം.