HomeFilmഓർക്കാനാവില്ല, കിമ്മില്ലാത്ത ഐഎഫ്എഫ്കെ

ഓർക്കാനാവില്ല, കിമ്മില്ലാത്ത ഐഎഫ്എഫ്കെ

സലിൻ തോമസ്
(ഐഎഫ്എഫ്കെ സ്ഥിരം ഡെലിഗേറ്റ്)
മലയാളികൾക്ക് പ്രിയപ്പെട്ട വിദേശ നവ സംവിധായകരിൽ പ്രമുഖനാണ് ദക്ഷിണ കൊറിയയിൽ നിന്നുള്ള കിം കി ഡുക് . കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഏറ്റവും ആരാധകരുള്ള കിം നമ്മെ വിട്ടുപിരിഞ്ഞത് ഫെസ്റ്റിവൽ മാസമായ ഡിസംബറിൽ തന്നെ
-അതും ഫെസ്റ്റിവൽ സാധാരണ രീതിയിൽ തുടങ്ങേണ്ട ദിനമായ രണ്ടാമത്തെ ശനിയാഴ്ചയുടെ തലേ വെള്ളിയാഴ്ചതന്നെ-ആയത്  കിമ്മിന് മലയാളി പ്രേക്ഷകനോടുള്ള അടുപ്പം കൊണ്ടാവാം .
2018 ലെ മഹാ പ്രളയത്തിന് ശേഷം IFFK നടത്തണോ എന്ന സംശയം  ഉയർന്ന വേളയിൽ മേളക്ക് വേണ്ടി ഇടപെടൽ നടത്തിയ വ്യക്തിയാണ് കിം . ദുരന്തങ്ങളിൽ നിന്ന് മനുഷ്യനെ വീണ്ടെടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കാൻ സിനിമകൾക്ക് കഴിയും എന്നാണ് കിം അന്ന്  ചൂണ്ടിക്കാട്ടിയത്.
ഏഷ്യൻ സംവിധായകരിൽ ലോകമാകെ ആസ്വാദകരുള്ള കിം മലയാളി പ്രേക്ഷകന് പരിചിതനായത് 2005 IFFK യിലൂടെയാണ്. Address Unknown,Bad Guy, The Coast Guard,Spring, Summer, Fall, Winter….and Spring, 3-Iron, Samaritan Girl എന്നീ ചിതങ്ങൾ അന്ന് കണ്ടമ്പററി മാസ്റ്റർ വിഭാഗത്തിൽ പ്രദർശിപ്പിച്ചു. തുടർന്ന് ഓരോ IFFK യും കിം കി ഡുക്  ചിത്രങ്ങളുടെയും കൂടി ഉത്സവമായി മാറി. Spring summer fall winter ..and spring ,The Bow , തുടങ്ങി Human Space Time and Human വരെയുള്ള ചിത്രങ്ങൾ അതിൽ പെടും.
രതിയുടെയും അക്രമത്തിൻ്റെയും  വന്യമായ ഭാവങ്ങൾ മറയില്ലാതെ  തുറന്നിട്ട കിം തൻ്റെ ആഖ്യാന ശൈലി കൊണ്ട് വേഗം തന്നെ മലയാളി പ്രേക്ഷകൻ്റെ മനസ് കീഴടക്കി. കിം ചിത്രങ്ങൾ പ്രദർശിപ്പിച്ച തിയറ്ററുകൾക്ക് പലപ്പോഴും പ്രേക്ഷകരെ ഉൾകൊള്ളാൻ കഴിഞ്ഞിരുന്നില്ല എന്നത് വസ്തുത മാത്രമാണ്. തിരുവനന്തപുരം നിശാഗന്ധിയിൽ പോലും കിം ചിത്രം കാണാൻ പ്രേക്ഷകന് ഏറെ പ്രയാസപ്പെടേണ്ടി വന്നിരുന്നു. 2013  ചലചിത്രോത്സവത്തിൽ അതിഥിയായി കേരളത്തിൽ എത്തിയ കിമ്മിനെ അത്ഭുതപ്പെടുത്തിയ വരവേൽപ്പാണ് അനന്തപുരി ഒരുക്കിയത്. സ്വന്തം നാട്ടിൽ പോലും ലഭിക്കാത്ത വരവേൽപ്പാണ് കേരളത്തിൽ കിട്ടിയതെന്ന് കിം സാക്ഷ്യപ്പെടുത്തി. കൈരളി പടവുകളിലെ ഗൗരവമേറിയ  സിനിമ ചർച്ചകളിൽ തീർച്ചയായും ഒരു സ്ഥാനം മലയാളിയുടെ പ്രിയപ്പെട്ട ഡുകിന് ഉണ്ടായിരുന്നു. കിമ്മിന്റെ ചിത്രമില്ലാത്ത IFFK യെ പറ്റി ചിന്തിക്കാൻ ഏതെങ്കിലും ഡെലിഗേറ്റിനു കഴിയുമോ എന്നതാണ് പ്രസക്തമായ ചോദ്യം.

Most Popular

Recent Comments