കിം കി ഡൂക്കെന്ന മഹാ ചലച്ചിത്രകാരനെ പ്രശസ്ത സിനിമാ നിരൂപകനും അധ്യാപകനുമായ ഷൈൻ അനുസ്മരിക്കുന്നു
കിം കി ഡുക്ക് യാത്രയായി
കിം കി ഡുക്ക് മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഒരു ദൈവം തന്നെയായിരുന്നു. ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിലെ യവനസൗന്ദര്യമുള്ള ദൈവങ്ങളെ പോലെ മലയാളി അദ്ദേഹത്തെ ആരാധനയോടെ നെഞ്ചിലേറ്റി നടന്നു.
ആ ആരാധനക്ക് കാരണവുമുണ്ടായിരുന്നു.
കാരണം തൻ്റെ സിനിമാ ലോകത്ത് കിം തേടിയത് .. കാഴ്ചയുടെ സൗന്ദര്യത്തിൻ്റെ, രതിയുടെ അക്രമങ്ങളുടെ പുതു ഭാഷ്യങ്ങളായിരുന്നു.
മറ്റേത് നാട്ടിലെയും പോലെ കച്ചവട സിനിമയോട് ജന്മദേശമായ തെക്കന്‍ കൊറിയയില്‍ സ്വന്തമായി പടവെട്ടി, യുദ്ധം ചെയ്ത് സ്വന്തമായ ഒരു ഇടം ഉണ്ടാക്കി എടുക്കുകയായിരുന്നു.
കഴിഞ്ഞ രണ്ട് പതീറ്റാണ്ടിലധികമായി അദ്ദേഹത്തിന്റെ സൃഷ്ടികള്‍ ലോകത്തെ വിവിധ ഫെസ്റ്റിവലുകളില്‍ നിന്ന് ഫെസ്റ്റിവലുകളിലേക്ക് ആസ്വാദകരോടൊപ്പം യാത്ര ചെയ്തു. 2005ലാണ് അദ്ദേഹം മലയാളിക്ക് പരിചിതനായി തുടങ്ങുന്നത്. തിരുവനന്തപുരത്തെ രാജ്യന്തര സിനിമാ മേളയിലെ അദ്ദേഹത്തിന്റെ ആദ്യ സിനിമ സ്പ്രിംഗ് വിന്റര്‍ ഫോള്‍ വിൻ്റർ ആയിരുന്നു. അതുകൂടാതെ മൂന്നോ നാലോ സിനിമകളും ആ ഫെസ്റ്റിവില്‍ ഉണ്ടായിരുന്നു എന്നാണ് ഓര്‍മ്മ. ഏതായാലും എല്ലാ സിനിമകളും ആസ്വാദകര്‍ വളരെ താല്‍പ്പര്യത്തോടെ സ്വീകരിച്ചു.
പിന്നീട് എല്ലാ സിനിമകളിലും കിം കി ഡൂക്കിന്റെ സിനിമകള്‍ തേടി നടക്കുകയായിരുന്നു സിനിമാ പ്രേമികള്‍. മറ്റൊരു സംവിധായകനും ലഭിക്കാത്ത സ്‌നേഹവാത്സല്യം നല്‍കി കിം കി ഡൂക്കിനെ നമ്മളിലൊരാളാക്കി മാറ്റുകയായിരുന്നു.
അദ്ദേഹത്തിന്റെ ഇരുപതോളം സിനിമകള്‍ വിശകലനം ചെയ്യുന്ന ഒരാള്‍ക്ക് ഒരു കാര്യം ഉറപ്പാക്കാനാകും. പ്രകൃതി സൗന്ദര്യവും പ്രണയവും നിറഞ്ഞ അദ്ദേഹത്തിന്റെ ആദ്യകാല സിനിമകളില്‍ നിന്ന് മാറ്റം പിന്നീട് സംഭവിച്ചതായി കാണാം. പിന്നീടത് ക്രൂരതയും, അതി ലൈംഗികാസക്തിയും അക്രമവും പ്രതിപാദിക്കുന്ന സിനിമകളായിരുന്നു അദ്ദേഹത്തിന്റെ സെക്കന്റ് സ്റ്റേജ് എന്ന് പറയുന്നത്. അദ്ദേഹത്തിന്റെ ചില സിനിമകള്‍ കണ്ട് പലരും സിനിമാ ശാലകളില്‍ ബോധം കെട്ട് വീണിട്ടുണ്ട്. ചിലര്‍ സിനിമ പൂര്‍ത്തിയാക്കാന്‍ പറ്റാതെ പുറത്തേക്ക് ഓടി. ചിലര്‍ക്ക് ഹൃദയസ്തംഭനം ഉണ്ടായി. മനസ്സാന്നിധ്യം ഉള്ളവര്‍ മാത്രമാണ് സിനിമ പൂര്‍ത്തിയാക്കിയിരുന്നത്.
2010ല്‍ അമ്പതാമത്തെ വയസ്സില്‍ അദ്ദേഹം കൊറിയന്‍ സിനിമയില്‍ നിന്നും തന്നില്‍ നിന്ന് തന്നെയും ഒരു ഒളിച്ചോട്ടം നടത്തി. കൊറിയയിലെ ഏതോ വിദൂര ഗ്രാമത്തില്‍ ഒരു കുന്നിന്‍ മുകളില്‍ കുറെക്കാലം അജ്ഞാതവാസം നടത്തി. ഒരു ആത്മപരിശോധന നടത്തുകയായിരുന്നു അദ്ദേഹം. ആ സമയം അദ്ദേഹം ചിത്രീകരിച്ച ഡോക്യുമെന്ററിയായ ആരി രംഗില്‍ അദ്ദേഹത്തിന്റെ ആത്മകഥാംശമുണ്ട്. കൊറിയന്‍ സംസ്‌ക്കാരവുമായി ബന്ധമുള്ള വാക്കാണ് ആരി രംഗ്. അദ്ദേഹത്തിന്റെ മാനസിക വിഹ്വലതകളിലൂടെയുള്ള ഒരു യാത്രയായി നമുക്കതിനെ വായിച്ചെടുക്കാനാവും.
2018ലെ ഗോവന്‍ ഫിലിം ഫെസ്റ്റിവലിലാണ് അദ്ദേഹത്തിന്റെ ഹ്യൂമണ്‍ സ്‌പേസ് ടൈം ആന്റ് ഹ്യൂമണ്‍ എന്ന സിനിമ കണ്ടത്. അതാണ് ഞാന്‍ കണ്ട അദ്ദേഹത്തിന്റെ അവസാന ചിത്രം. 2019ല്‍ പുറത്തിറങ്ങിയ സിനിമ ഡിസോള്‍വ് കാണാനുമായില്ല.
കോവിഡ് മഹാമാരി ഇല്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ഞാന്‍ ഇന്നിപ്പോള്‍ ഈ രാത്രി കിം കി ഡൂക്കിന്റെ സിനിമക്കായി തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തിന് മുന്നിലെ വലിയ ക്യൂവിലായിരിക്കാനാണ് സാധ്യത. എന്തായാലും അതിനുള്ള ഭാഗ്യം ഈ കോവിഡ് കാലത്ത് ഇല്ലാതെ പോയി. കോവിഡ് അദ്ദേഹത്തിന്റെ ജീവന്‍ അപഹരിക്കുകയും ചെയ്തു.
ഏതായാലും പ്രിയപ്പെട്ട കിം കി ഡൂക്ക് നിങ്ങള്‍ക്ക് വിട