തൃശൂർ ജില്ലയിലെ പ്രശസ്തമായ ആണ്ടപറമ്പ് -പുറ്റേക്കര കുറുവിൽകാവ്-നെയ്തില്ക്കാവ് മഹാവിഷ്ണു-ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തിനു ഇന്ന് സമാപനമാകും. ഇന്നലെ നടന്ന പൂരാഘോഷത്തിന് ആയിരങ്ങളെത്തി. ദേശങ്ങളിൽ നിന്ന് ആനകളുമായി വന്ന എഴുന്നള്ളിപ്പുകളും രാത്രി നടന്ന കൂട്ടി എഴുന്നള്ളിപ്പും നയനാനന്ദകരാമായി. അറിയപ്പെടുന്ന കലാകാരൻമാർ പങ്കെടുത്ത മേളങ്ങൾ ആസ്വദിക്കാൻ വൻപുരുഷാരം തന്നെ ഉണ്ടായി.
ഇന്നാണ് വേലാഘോഷം. വര്ണങ്ങളുടെയും വാദ്യമേളങ്ങളുടെയും വൈവിധ്യങ്ങളുടെയും നിറച്ചാർത്താണ് പുറ്റേക്കര പൂരത്തിലെ വേലാഘോഷം. ശിങ്കാരിമേളം, നാസിക് ഡോൾ, നാദസ്വരം തുടങ്ങിയ ഒരുക്കുന്ന താളങ്ങൾക്കു അകമ്പടിയായി നാടൻ കലാരൂപങ്ങൾ തെയ്യങ്ങൾ തിര തുടങ്ങിയവ ഉണ്ടാകും.
ഈമാസം എട്ടാം തിയതി കൊടിയേറിയതുമുതൽ കലാപരിപാടികളും ആഘോഷങ്ങളും കൊണ്ട് സമൃദ്ധമാണ് ഈ നാടിൻറെ ഉത്സവം.
കാവടി, ചിന്ത് കാവടി, ചമയങ്ങൾ, താലം വരവ്, പറപുറപ്പാട് , തായമ്പക, പഞ്ചാരി, തിടമ്പ് എഴുന്നള്ളിക്കൽ തുടങ്ങിയ ആഘോഷത്തിന്റെ ഭാഗമായി ഉണ്ടായി. നാനാ ജാതി മതസ്ഥരുടെ അഭയസ്ഥാനമാണ് ഈ ക്ഷേത്രം. അതുകൊണ്ടു തന്നെ നാടിന്റെയാകെ ആഘോഷമാണ് പൂരാഘോഷം. ഇക്കുറി ഒൻപത് സമാജങ്ങളുടെ ആനയെഴുന്നള്ളത്ത് വെള്ളിയാഴ്ച ഉണ്ടായി.