ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരത്ത് കനത്ത നാശം വിതക്കുന്നു. ജാഫ്‌ന, മുല്ലെത്തീവ്, കില്ലിനോച്ചി മേഖലകളില്‍ കനത്ത മഴയും കാറ്റും തുരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. ഗതാഗതം ഏറെക്കുറെ സ്തംഭിച്ച നിലയിലാണ്, രക്ഷാപ്രവര്‍ത്തകര്‍ക്ക് പലയിടത്തും എത്താനായിട്ടില്ല. മരങ്ങള്‍ കടപുഴകി വീണും ഗതാഗതം സ്തംഭിച്ചു.
ബുറേവിയെ നേരിടാന്‍ തമിഴ്‌നാട്ടിലും കേരളത്തിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തീരമേഖലകളില്‍ നിന്നുള്ള നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു. പല ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേന സജീവമാണ്. കേരളത്തിലെ നാല് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് റെഡ് അലര്‍ട്ട്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കേരളത്തിലേക്ക് കടക്കും മുന്‍പ് ചുഴലിക്കാറ്റിന്റെ തീവ്രത കുറയുമെന്നാണ് സൂചന.