സംസ്ഥാനത്തെ ഒരു അഴിമതിയും അന്വേഷിക്കരുതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി സര്‍ക്കാരിന്റെ അഴിമതിയെ കുറിച്ച് അന്വേഷിച്ചാല്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണ്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു.
കെഎസ്എഫ്ഇയില്‍ റെയ്ഡ് നടത്തിയ വിജിലന്‍സ് സംഘത്തെ ഭീഷണിപ്പെടുത്തുകയാണ് മന്ത്രിമാരും സിപിഎമ്മും. ഈ സര്‍ക്കാര്‍ വന്നപ്പോള്‍ കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥാപനമാക്കി കെഎസ്എഫ്ഇയെ മാറ്റി. വ്യാപകമായ അഴിമതിയും കൊള്ളയുമാണ് അവിടെയും നടക്കുന്നത്. കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണ്ട എന്നാണോ മുഖ്യമന്ത്രിയുടെ നിലപാട്. സിപിഎം പോഷകസംഘടനയായി വിജിലന്‍സ് പ്രവര്‍ത്തിക്കണമെന്നാണ് ധനമന്ത്രി കരുതുന്നത്.
സര്‍ക്കാരിന്റെ അഴിമതികള്‍ ജനമധ്യത്തില്‍ യുഡിഎഫ് തുറന്നുകാണിക്കും. ഇതിന്റെ ഭാഗമായി ഡിസംബര്‍ രണ്ടിന് പഞ്ചായത്ത് തലത്തില്‍ സര്‍ക്കാരിനെ കുറ്റവിചാരണ നടത്തും. സോളാര്‍ കേസ് പൊടിതട്ടിയെടുക്കുന്നതില്‍ യുഡിഎഫിന് പേടിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.