മറഡോണ അന്തരിച്ചു

0

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. 60 വയസ്സായിരുന്നു. ഹൃദയസ്തംഭനം മൂലമാണ് മരണം. തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായിരുന്നു.

ഫുട്‌ബോള്‍ ലോകത്തിലെ പകരക്കാരനില്ലാത്ത കളിക്കാരനാണ് ഡീഗോ മറഡോണ. അര്‍ജന്റീനക്ക് 1986ല്‍ ലോകകപ്പ് കിരീടം സ്വന്തമാക്കിയത് ഈ ചെറിയ മനുഷ്യന്റെ പ്രതിഭയിലാണ്. സെമിയില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ ഗോള്‍ ഏറെ വിവാദത്തിലായിരുന്നു. ദൈവത്തിന്റെ കൈ എന്നാണ് അതിനെ കുറിച്ച് അദ്ദേഹം പറഞ്ഞത്. ആറ് ഇംഗ്ലീഷ് താരങ്ങളെ വെട്ടിച്ച് 60 മീറ്റര്‍ ഓടിക്കയറി നേടിയ ഗോള്‍ പിന്നീട് നൂറ്റാണ്ടിലെ ഗോള്‍ എന്ന് അറിയപ്പെട്ടു.

ബ്യൂണസ് അയേഴ്‌സിലെ തെരുവില്‍ നിന്ന് ലോകത്തിന്റെ നെറുകയില്‍ എത്തുകയായിരുന്നു ഡീഗോ. കളിക്കളത്തില്‍ നിന്ന് വിട്ട ശേഷം മയക്കുമരുന്നിന് അടിമപ്പെട്ടിരുന്നു മറഡോണ. പിന്നീട് ഇതില്‍ നിന്നെല്ലാം മാറി നിന്നെങ്കിലും ഫിഫ അടക്കമുള്ളവര്‍ക്കെതിരെയെല്ലാം ശക്തമായ വിമര്‍ശനം നടത്താനും ഒട്ടും മടികാണിച്ചിട്ടില്ല.