സ്വർണ്ണക്കള്ളക്കടത്തുകാരി സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശത്തെ മറയാക്കി മുഖ്യമന്ത്രിയുടെ പാർട്ടിയായ സിപിഎം രാഷ്ട്രീയ പ്രചരണം നടത്തുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ദേശവിരുദ്ധ കേസിൽ ജയിലിൽ കിടക്കുന്ന കുറ്റവാളിയുടെ ശബ്ദ സന്ദേശം സി.പി.എമ്മിന്റെ കേന്ദ്ര നേതൃത്വം വരെ വേദവാക്യമാക്കി മാറ്റുകയാണ്. ജയിൽ വകുപ്പിൽ നിന്നാണോ വിജിലൻസ് ചോദ്യം ചെയ്യുമ്പോഴാണോ ശബ്ദരേഖ പുറത്തുവന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സംസ്ഥാന ഭാരവാഹി യോഗത്തിന് ശേഷം കൊച്ചിയിൽ സുരേന്ദ്രൻ പറഞ്ഞു.
സ്വപ്ന എങ്ങനെയാണ് ജയിലിൽ വെച്ച് ശബ്ദരേഖ മാദ്ധ്യമങ്ങൾക്ക് കൊടുത്തതെന്ന ചോദ്യത്തിന് മറുപടി പറയേണ്ടവർ ആ ശബ്ദരേഖയെ തിരഞ്ഞെടുപ്പ് പ്രചരണമാക്കുകയാണ്. സ്വപ്നയെ ജയിലിലെത്തി ചോദ്യം ചെയ്ത വിജിലൻസ് ഉദ്യോഗസ്ഥരെ കുറിച്ച് അന്വേഷിക്കണം. നീതിന്യായ വ്യവസ്ഥ അട്ടിമറിക്കാൻ പിണറായി ശ്രമിച്ചാൽ ബി.ജെ.പി ശക്തമായ പ്രചരണം നടത്തുമെന്ന് സുരേന്ദ്രൻ പറഞ്ഞു.
സ്വർണ്ണക്കടത്ത് കേസും അനുബന്ധ അഴിമതി കേസുകളിലും ദേശീയ അന്വേഷണ ഏജൻസികളുടെ അന്വേഷണം തടയാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാകും. സി.എ.ജിയെ പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്താൻ കേരള സർക്കാർ നടത്തുന്ന ശ്രമങ്ങൾ അപലപനീയമാണ്. രാജ്യത്തെ ഏറ്റവും വിശ്വാസതയുള്ള ഭരണഘടനാ സ്ഥാപനത്തെ ധനമന്ത്രി അപമാനിക്കുകയാണ്. കിഫ്ബിയിലെ അഴിമതി പുറത്തുവന്നതാണ് തോമസ് ഐസക്കിനെ പ്രകോപിപ്പിച്ചത്. ഇന്ത്യയിലെ വലിയ അഴിമതികളെല്ലാം പുറത്തു വന്നത് സി.എ.ജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്ന് ഐസക്കിന് അറിയാം. അതുകൊണ്ടാണ് റിപ്പോർട്ട് മാദ്ധ്യമങ്ങൾക്ക് ചോർത്തി മുൻകൂർ ജാമ്യം എടുത്തത്.
നിയമസഭയുടെ മേശപ്പുറത്ത് വെക്കേണ്ട സി.എ.ജി റിപ്പോർട്ട് തന്റെ ധനകാര്യ സെക്രട്ടറി പൊളിച്ചുനോക്കിയെന്ന് തോമസ് ഐസക്ക് സമ്മതിച്ചത് സത്യപ്രതിജ്ഞാ ലംഘനമാണ്. നിയമസഭയുടെ അന്തസ് ചോദ്യം ചെയ്ത ഈ കാര്യത്തിൽ നിയമസഭാ സ്പീക്കറും ഗവർണറും ഇടപെടണം. തോമസ് ഐസക്കിനെതിരെ ഉയർന്നു വന്നത് ഗൗരവമായ അഴിമതി ആരോപണമാണ്. മസാലബോണ്ടിൽ തോമസ് ഐസക്കുമായി ബന്ധമുള്ള ഒരാൾ ഇടപെട്ടു എന്നാണ് പുതിയ വിവരം. ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്റെ കുടുംബം ഇടപെട്ടെന്നും വിവരമുണ്ട്. വലിയ അഴിമതിയാണ് വിദേശ രാജ്യങ്ങളിലടക്കം നടന്നത്. കുറഞ്ഞ പലിശയ്ക്ക് എടുക്കേണ്ട പണം കൂടുതൽ പലിശയ്ക്ക് എടുത്ത് സംസ്ഥാനത്തിന് അമിതഭാരം നൽകിയ ഐസക്കിന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണമെന്നും സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.