ഏറെ കാത്തിരുന്ന ടാറ്റ മോട്ടോഴ്‌സ് നെക്‌സണ്‍ ഇലക്ട്രിക് വിപണിയില്‍ അവതരിപ്പിച്ചു. 13.99 ലക്ഷം രൂപയിലാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. ഇന്ത്യയില്‍ നിലവിലുള്ള ലോംഗ് റേഞ്ച് ഇലക്ട്രിക് കാറുകളെ അപേക്ഷിച്ച് 6-7 ലക്ഷം രൂപയോളം കുറവാണ് ഇത്.
മുഴുവനായി ചാര്‍ജ് ചെയ്താല്‍ 312 കിലോമീറ്റര്‍ ഓടിക്കാന്‍ കഴിയുന്ന വാഹനമാണിത്. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 60 മിനിറ്റുകൊണ്ട് 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കും
ഹ്യുണ്ടായ് കോന, ഈയിടെ വിപണിയിലിറക്കിയ എംജി ZS EV എന്നിവയായിരിക്കും നെക്‌സണ്‍ ഇവിയുടെ പ്രധാന എതിരാളികള്‍. ടാറ്റ ടിഗോറിന് ശേഷമുള്ള ടാറ്റയുടെ രണ്ടാമത്തെ ഇലക്ട്രിക് കാറാണിത്. കമ്പനിയുടെ സിപ്‌ട്രോണ്‍ സാങ്കേതികവിദ്യയില്‍ ഇറങ്ങുന്ന വാഹനമാണ് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഡ്രൈവ്, സ്‌പോര്‍ട്ട് എന്നിങ്ങനെ രണ്ട് മോഡുകളില്‍ ഓടിക്കാനാകും. 30.2 കിലോവാട്ട് ലിഥിയം അയണ്‍ ബാറ്ററിയാണ് ഇതിന്റേത്. മോട്ടറിന് എട്ട് വര്‍ഷം അല്ലെങ്കില്‍ 1.6 ലക്ഷം കിലോമീറ്റര്‍ വാറന്റി തരുന്നുണ്ട്.