കൊടിയേരിയുടെ വഴി മുഖ്യമന്ത്രിയും സ്വീകരിക്കണം

0
ഗത്യന്തരമില്ലാതെയാണെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ സ്ഥാനം ഒഴിയാൻ തീരുമാനിച്ചത് മുഖ്യമന്ത്രിയും മാതൃകയാക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. സ്വർണ്ണക്കള്ളക്കടത്തിലും അനുബന്ധ അഴിമതികളിലും അന്വേഷണം തൻ്റെ നേർക്കാണെന്ന് ബോധ്യമായിട്ടും മുഖ്യമന്ത്രി അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കുന്നത് ധാർമ്മികതയ്ക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
മയക്കുമരുന്ന് – കള്ളപ്പണ കേസിൽ മകൻ ബിനീഷ് കൊടിയേരി കുടുങ്ങിയതോടെയാണ് കൊടിയേരി രാജിവെച്ചത്. ദേശവിരുദ്ധ സ്വഭാവമുള്ള സ്വർണ്ണക്കള്ളക്കടത്തിൽ തൻ്റെ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിലായിട്ടും അഡീഷണൽ സെക്രട്ടറിയെ ഇ.ഡി വിളിപ്പിച്ചിട്ടും മുഖ്യമന്ത്രി രാജിവെക്കാത്തത് മലയാളികളോടുള്ള വെല്ലുവിളിയാണ്. മുഖ്യമന്ത്രിയുടെ ടീം സ്വർണ്ണക്കടത്തുകാരുമായി ബന്ധപ്പെട്ടെന്ന ഇ.ഡിയുടെ റിപ്പോർട്ട് ഗൗരവതരമാണ്. കൂടുതൽ തെളിവുകൾ പുറത്തുവന്ന് നാണംകെടും മുമ്പ് രാജിവെക്കാൻ സി.പി.എം കേന്ദ്ര നേതൃത്വം പിണറായിയെ ഉപദേശിക്കണം.
തിരഞ്ഞെടുപ്പിൽ തിരിച്ചടി മണത്ത് നിക്കക്കള്ളിയില്ലാതെയാണ് കൊടിയേരി സ്ഥാനം ഒഴിഞ്ഞത്. അതുകൊണ്ടൊന്നും സി.പി.എമ്മും എൽ.ഡി.എഫും രക്ഷപ്പെടില്ല. സിപിഎം ഉന്നത നേതാക്കളുടെ സ്വത്ത് വിവരങ്ങൾ അന്വേഷിക്കണമെന്ന് ബി.ജെ.പി നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയതാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ പിണറായി സർക്കാരിനെതിരായ  ജനങ്ങളുടെ പ്രതിഷേധം പ്രതിഫലിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.