പിണറായി വിജയന്റെ ഭരണത്തില്‍ സിപിഎം ശരശയ്യയില്‍ ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മിന്റേയും സര്‍ക്കാരിന്റേയും സമ്പൂര്‍ണ തകര്‍ച്ചയാണ് ജനം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ്.
കള്ളം മാത്രമാണ് മുഖ്യമന്ത്രി പറയുന്നത്. ഇന്നലെ പത്രസമ്മേളനത്തില്‍ പറഞ്ഞത് പ്രത്യേക കാപ്‌സ്യൂള്‍ ആണ്. എം ശിവശങ്കര്‍ എന്ന ഉദ്യോഗസ്ഥനില്‍ എല്ലാ ഉത്തരവാദിത്തവും കല്‍പ്പിച്ച് രക്ഷപ്പെടാമെന്നാണ് പിണറായി വിജയന്‍ കരുതുന്നത്. ഉദ്യോഗസ്ഥരെ പഴി ചാരി രക്ഷപ്പെടാനുള്ള ശ്രമം ലാവ്‌ലിന്‍ കേസിലും കണ്ടതാണ്.
എം ശിവശങ്കര്‍ എന്ന വ്യക്തിയല്ല കള്ളക്കടത്തിന് കൂട്ടിനിന്നത് മുഖ്യമന്ത്രിയുടെ വിശ്വസ്തനും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് സംസ്ഥാന ഭരണം നിയന്ത്രിച്ചിരുന്ന വ്യക്തിയായ ഉദ്യോഗസ്ഥനാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന് പറയുന്ന സംവിധാനം നിയന്ത്രിച്ചിരുന്ന വ്യക്തിയുടെ തെറ്റുകള്‍ മുഖ്യമന്ത്രിയുടെ തെറ്റുകള്‍ തന്നെയാണ്. ഇതൊന്നും അറിഞ്ഞില്ലെങ്കില്‍ പിന്നെ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാന്‍ എന്താണ് യോഗ്യത. അപ്പോള്‍ സംസ്ഥാനം ഭരിക്കുന്നത് ഉദ്യോഗസ്ഥരാണ്.
ഇതുവരെ ഉയര്‍ത്തിയ എല്ലാ അഴിമതികളും രേഖകളുടെ അടിസ്ഥാനത്തിലാണ്. എല്ലാറ്റിലും ശിവശങ്കറാണ് നേതൃത്വം നല്‍കിയത്. എന്നാല്‍ ഒന്നാംപ്രതി മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി ഒഴിയണം എന്നാവശ്യപ്പെട്ടുള്ള യുഡിഎഫ് പ്രക്ഷോഭം ശക്തമാക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.