വെടിക്കോപ്പുകള്‍ കാണാതായ സംഭവം; എന്‍ഐഎ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

0

സംസ്ഥാന പൊലീസിന്റെ വെടിക്കോപ്പുകള്‍ കാണാതായ സംഭവത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും ക്രമക്കേട് ആരോപണം നേരിടുന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ തല്‍സ്ഥാനത്ത് നിന്നും നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ഇത്തരമൊരും സംഭവം മുന്‍പ് ഉണ്ടായിട്ടില്ല .സംസ്ഥാന പോലീസ് വകുപ്പില്‍ നടക്കുന്ന അഴിമതിയാണ് ഇപ്പോള്‍ പുറത്തുവന്നത്.ഡിജിപിയെ വെള്ളപൂശാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ഇത്. മുഖ്യമന്ത്രി ഡിജിപിയെ അനാവശ്യമായി സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് എന്തിനാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
സംസ്ഥാന പോലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായെന്ന് സി.എ.ജി. റിപ്പോര്‍ട്ട് ഇന്നാണ് പുറത്തുവന്നത്.
തിരുവനന്തപുരം എസ്.എ.പി. ബറ്റാലിയനില്‍ ആയുധങ്ങളുടെ കുറവുണ്ടെന്നും കേരളത്തിലെ അഞ്ച് പോലീസ് സ്റ്റേഷനുകളില്‍ ഒരു വാഹനം പോലുമില്ലെന്നും സി.എ.ജി. കണ്ടെത്തി. തിരുവനന്തപുരം എസ്.എ.പി. ക്യാമ്പില്‍നിന്ന് 12061 വെടിയുണ്ടകളും 25 തോക്കുകളും കാണാതായെന്നാണ് സി.എ.ജി. റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം. തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍ 200 വെടിയുണ്ടകളുടെ കുറവുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.