ഡോ. സന്തോഷ് മാത്യു എഴുതുന്നു
ജില്‍ഗിത്- ബാള്‍ട്ടിസ്ഥാനെ അഞ്ചാമത്തെ പ്രവിശ്യയായി അംഗീകരിക്കാന്‍ പാക്കിസ്ഥാന്‍ അധികൃതര്‍ നടത്തുന്ന നീക്കം കാശ്മീര്‍ വിഷയം വീണ്ടും അന്താരാഷ്ട വാര്‍ത്താ പ്രധാന്യം നേടിയിരിക്കുകയാണ്. പഞ്ചാബ്, സിന്ധ്, ഖൈബര്‍ പാക്ക്ത്തുണ്‍ഖ്യ, ബലൂചിസ്ഥാന്‍ എന്നിവക്കൊപ്പം തന്നെ ജില്‍ഗിത് ബാല്‍ട്ടിസ്ഥാനും പ്രവിശ്യാ പദവി നല്‍കുന്ന കാര്യം പാക്ക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
ഇപ്പോള്‍ കേന്ദ്രഭരണം എന്നോണം ഇസ്ലാമാബാദില്‍ നിന്നുള്ള ഭരണമാണ് ഈ അവിഭക്ത കാശ്മീര്‍ പ്രദേശത്തിനുള്ളത്. ഒരു പ്രവിശ്യയായി മാറിയാല്‍ കൂടുതല്‍ രാഷ്ട്രീയ അധികാരവും പാര്‍ലമെന്റില്‍ ഏറെ പാതിനിധ്യവും ജില്‍ഗിത് ബാല്‍ട്ടിസ്ഥാന് ലഭിക്കും. പാര്‍ലമെന്റില്‍ ഏതാണ്ട് നിരീക്ഷക പദവി മാത്രമാണ് 20 ലക്ഷത്തിലേറെ ജനങ്ങള്‍ അധിവസിക്കുന്ന ഈ പ്രദേശത്തിന് ഇപ്പോഴുള്ളത്. കുറഞ്ഞത് രണ്ട് അംഗങ്ങളെയെങ്കിലും പാര്‍ലമെന്റില്‍ എത്തിക്കാന്‍ പ്രവിശ്യയായി മാറിയാല്‍ കഴിയും. അതോടൊപ്പം റവന്യൂ വരുമാനത്തില്‍ കൂടുതല്‍ വിഹിതം ബാള്‍ട്ടിസ്ഥാന് അവകാശപ്പെടുകയും ചെയ്യാം.
ഷിയാ മുസ്ലീമുകള്‍ക്ക് ഗണ്യമായ ഭൂരിപക്ഷമുള്ള പാക്ക് അധിനിവേശ കാശ്മീര്‍ പ്രദേശമാണ് ജില്‍ഗിത് ബാള്‍ട്ടിസ്ഥാന്‍. 72,971 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഇവിടെ 72 ശതമാനത്തില്‍ താഴെയാണ് സാക്ഷരത. ടൂറിസം , സാഹസിക വിനോദങ്ങള്‍ എന്നിവയാണ് വരുമാന സ്രോതസ്സുകള്‍.
ഇന്ത്യക്കു പാക്കിസ്ഥാനും മാത്രമല്ല, ചൈനക്കും ഏറെ തന്ത്രപ്രധാനമാണ് ജില്‍ഗിത് ബാള്‍ട്ടിസ്ഥാന്‍. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് സിയാച്ചിന്‍ പ്രദേശങ്ങളുമായി വളരെ അടുത്ത് കിടക്കുന്ന ഈ പ്രദേശം ഇന്ത്യക്ക് ഏറെ നിര്‍ണായകമാണ്. ഇന്ത്യന്‍ സൈനിക സാന്നിധ്യമുള്ള സിയാച്ചിന്‍ പ്രദേശങ്ങളുടെ സുരക്ഷക്ക് ജില്‍ഗിത് വഴിയുള്ള ഭീഷണി ചെറുതല്ല. ചൈനയെ സംബന്ധിച്ചിടത്തോളം അവരുടെ സ്വപ്‌ന പദ്ധതിയായ സിപിഇസി എന്ന് ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയിലെ പ്രധാന കണ്ണിയാണ് ഇവിടം. 4600 കോടി ഡോളര്‍ ചൈനീസ് മുതല്‍മുടക്കുള്ള ഈ പദ്ധതിയില്‍ പാക്കിസ്ഥാനുമായി കരയില്‍ കൂടി ബന്ധപ്പെടാവുന്ന ഏക മാര്‍ഗം ഇതിലൂടെയാണ്. അതുകൊണ്ട് തന്നെ നാളിതുവരെ പാക്കിസ്ഥാന്‍ ഭരണഘടനാധിഷ്ഠിതമായി പോലും അംഗീകരിക്കാതിരുന്ന് പ്രദേശത്തെ പ്രവിശ്യയാക്കാന്‍ ചൈനീസ് സമ്മര്‍ദ്ദവും ഒരു കാരണമായി.
എന്നാല്‍ മേഖലയിലെ സാധാരണക്കാര്‍ക്ക് പുതിയ നീക്കങ്ങള്‍ കൊണ്ട് വലിയ മെച്ചമൊന്നുമില്ല. ജനങ്ങളില്‍ 14 ശതമാനം മാത്രമാണ് നഗര കേന്ദ്രീകൃത ജീവിതം നയിക്കുന്നത്. മാത്രവുമല്ല, തങ്ങളുടെ വിലപ്പെട്ട ധാതുലവണങ്ങളും വിഭവങ്ങളും കടത്തി കൊണ്ടുപോകാനുള്ള പാക്ക് തന്ത്രമാണ് പ്രവിശ്യാ വാദത്തിന് പിന്നിലു്ള്ളതെന്നാണ് വലിയൊരു വിഭാഗം ജനങ്ങള്‍ ചിന്തിക്കുന്നത്. ജില്‍ഗിത്-ബാള്‍ട്ടിസ്ഥാന്‍ ജനാധിപത്യ സഖ്യത്തിന്റെ പേരില്‍ ഈ ചൂഷണത്തിനെതിരെ ചെറുത്ത് നില്‍പ്പും ആരംഭിച്ചിട്ടുണ്ട്.
മേഖലയില്‍ സമൃദ്ധമായി കാണപ്പെടുന്ന സ്വര്‍ണവും യുറേനിയവും ചൈനക്ക് ഏകപക്ഷീയമായി കടത്തി കൊണ്ടുപോകാനുള്ള സാഹചര്യം ഒരുക്കുകയാണ് പ്രവിശ്യയാക്കുന്നതിലൂടെ പാക്കിസ്ഥാന്‍ നടത്തുന്നതെന്ന് ജനാധിപത്യ സഖ്യ ചെയര്‍മാന്‍ അമാനുള്ള ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപിക്കുന്നുണ്ട്.
ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയുമായി ഒന്നിക്കുന്ന ജില്‍ഗിത് – ബാള്‍ട്ടിസ്ഥാനിലൂടെയുള്ള വ്യാപാരം സുഗമമാവുകയാണെങ്കില്‍ അവിടെയുള്ള ഒരു കോടിയിലധികം ഉയിഗൂര്‍ മുസ്ലീമുകള്‍ക്ക് ഗുണകരമാവും. ഇതോടെ ചൈനയിലെ ഉയിഗൂര്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ആവും എ്ന്നും ചൈന കണക്കുകൂട്ടുന്നു. സിപിഇസിയുടെ ഭാഗമായി 210 പദ്ധതികളിലായി എണ്ണായിരത്തില്‍ അധികം ചൈനീസ് വിദഗ്ദര്‍ പാക്കിസ്ഥാനില്‍ ജോലി ചെയ്യുന്നുണ്ട്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ജില്‍ഗിത് -ബാള്‍ട്ടിസ്ഥാന്‍ ഒരു തര്‍ക്കപ്രദേശമാണ്. പാക്കിസ്ഥാന്റെ ഏകപക്ഷീയമായ നീക്കങ്ങള്‍ ദക്ഷിണേഷ്യന്‍ സമാധാനത്തെ തുരങ്കം വെക്കുമെന്ന് കാര്യത്തില്‍ സംശയമില്ല. പ്രവിശ്യാ നീക്കം അവിഭക്ത കാശ്മീര്‍ പ്രശ്‌നം വീണ്ടും സങ്കീര്‍ണ്ണമാക്കുക തന്നെ ചെയ്യും. ചര്‍ച്ചയുടെ വാതിലുകള്‍ അടച്ചുകളയുകയും ചെയ്യും.
1948ലെ ആദ്യ ഇന്ത്യ-പാക്ക് യുദ്ധത്തിന്റെ ഫലമായുണ്ടായ വെടിനിര്‍ത്തലിന്റേയും 1972ല്‍ ഉണ്ടാക്കിയ നിയന്ത്രണ രേഖയുടേയും വിവിധ കരാറുകളുടേയും പരസ്യ ലംഘനം തന്നെയാണ് പാക്കിസ്ഥാന്‍ ഭാഗത്ത് നിന്ന് ഇപ്പോഴുണ്ടായിരിക്കുന്നത്. 1948ല്‍ പാക്കിസ്ഥാന്‍ ഐക്യരാഷ്ട്രസഭ പൊതുസഭയില്‍ കൊണ്ടുവന്ന ഹിതപരിശോധന ആവശ്യം തള്ളിയതിനെ തുടര്‍ന്ന് പാക്ക് അധിനിവേശ കാശ്മീരിനും ജില്‍ഗിത് ബാള്‍ട്ടിസ്ഥാനും രണ്ടു നിയമസംഹിതകള്‍ എന്ന രീതിയാണ് അവര്‍ പിന്തുടരുന്നത്. പാക്ക് ഒക്യുപ്പൈഡ് കാശ്മീര്‍ (പിഒകെ) എന്ന പാക്ക് അധിനിവേശ കാശ്മീരിന് പ്രത്യേകം ഭരണഘടനയും നാമമാത്ര അധികാരമുള്ള തെരഞ്ഞെടുക്കപ്പെട്ട അസംബ്ലിയും ഉണ്ടെങ്കിലും ജില്‍ഗിത് -ബാള്‍ട്ടിസ്ഥാന്‍ നിലവില്‍ ഇ്സ്ലാമാബാദില്‍ നിന്നുള്ള ഉത്തരവുകളാണ് അനുസരിക്കുന്നത്. 1972ലെ സിംല ഉടമ്പടിയുടെ പരസ്യ ലംഘനമാണ് ഇപ്പോള്‍ പാക്കിസ്ഥാന്‍ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. ഇത് ചൈനയെ സന്തോഷിപ്പിക്കാനാണെങ്കില്‍ പോലും.
ചൈനീസ് നിക്ഷേപം പാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നേരിട്ടുള്ള (എഫ്ഡിഐ) പദ്ധതി തന്നെയാണ്. 1970 ശേഷമുള്ള എല്ലാ നിക്ഷേപങ്ങളേക്കാളും മുമ്പിലാണ്. സിപിഇസി എന്ന ചൈനീസ് നിക്ഷേപം പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം തൊഴിലില്ലായ്മ നടമാടുന്ന പാക്കിസഥാനില്‍ ഏഴ് ലക്ഷം പുതിയ തൊഴില്‍ സൃഷ്ടിക്കാന്‍ ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ ചാലക ശക്തിയായ സിപിഇസിക്ക കഴിയും എന്നാണ് പാക്കിസ്ഥാന്‍ വിലയിരുത്തല്‍.
ഇന്ത്യയെ പ്രതിരോധിക്കാന്‍ പ്രത്യേകിച്ചും ഇന്ത്യന്‍ മഹാസമുദ്രത്തിലെ ആധിപത്യം തകര്‍ക്കാന്‍ ഗദ്വാനില്‍ സ്ഥാപിക്കുന്ന തുറമുഖത്തിന് കഴിയും എന്നാണ് പാക്ക്-ചൈനീസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. പാക്കിസഥാന്റെ സുരക്ഷക്ക് ഏതറ്റം വരെയും പോകാന്‍ തയ്യാറാണെന്ന് ചൈനീസ് നേതൃത്വത്തിന്റെ ഉറപ്പും ലഭിച്ചിട്ടുണ്ട്.
ഇപ്പോള്‍ ഒരു ചൈനീസ് കപ്പലിന് യൂറോപ്പില്‍ പോയി വരാന്‍ 45 ദിവസമെങ്കിലും എടുക്കുന്നുണ്ട്. ജില്‍ഗിത് -ബാള്‍ട്ടിസ്ഥാന്‍ വഴി ഗദ്വാര്‍ തുറമുഖത്ത് ചൈനീസ് ചരക്കുകള്‍ എത്തിക്കുകയാണെങ്കില്‍ 10 ദിവസം കൊണ്ട് യൂറോപ്പില്‍ എത്തിക്കാന്‍ കഴിയും. ഇപ്പോള്‍ മലാക്കാ ചത്വരം വഴി ചുറ്റിക്കറങ്ങേണ്ടി വരുന്ന ചൈനീസ് കപ്പലുകള്‍ക്കുണ്ടാകുന്ന സമയലാഭം, ധനലാഭം എന്നിവ ഏഷ്യാ, യൂറോപ്പ് കമ്പോളത്തിനും ചൈനീസ് ആധിപത്യത്തിലേക്ക് തന്നെയാവും നയിക്കുക. ജില്‍ഗിത് -ബാള്‍ട്ടിസ്ഥാനെ ഇന്ത്യ-പാക്ക് പ്രശ്‌നങ്ങളില്‍ നിന്ന് മോചിപ്പിച്ച് പാക്കിസ്ഥാന്റെ പരമാധികാര പ്രവിശ്യയാക്കി മാറ്റുക തന്നെയാണ് ലോക വിപണി പിടിക്കാന്‍ ചൈനക്ക് ഏക പോംവഴി. അതാണ് തിരക്കഥയും.
ഡോ. സന്തോഷ് മാത്യു
അസി. പ്രൊഫസര്‍,
പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി