ഇടതുപക്ഷ തൊഴിലാളി സംഘടനകൾ നാളെ നടത്തുന്ന ദേശീയ പണിമുടക്കെന്ന് പറയുന്നത് കേരള സമരമാണെന്ന് ബിജെപി നേതാക്കൾ. വാളയാറിനപ്പുറം ഇത്തരം പണിമുടക്ക് ഇല്ലെന്നും മറ്റു സംസ്ഥാനങ്ങൾ സാമ്പത്തികമായി വളരുകയാണെന്നും സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖരൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശും പറഞ്ഞു.
ചൈന അടക്കമുള്ള രാജ്യങ്ങളും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ഇതുപോലുള്ള പണിമുടക്കുകളോ അക്രമ സമരങ്ങളോ ഇല്ല. കേരളത്തിൻ്റെ ശാപമാണിത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലൂടെ കടന്നു പോകുന്ന കേരളത്തിന് താങ്ങാവുന്നതല്ല ഇത്തരം ബന്ദുകളും പണിമുടക്കുകളും. ചൈനയെ കുറിച്ച് അഭിമാനം കൊള്ളുന്ന സിപിഎം പക്ഷേ അവിടുത്തെ മാറ്റങ്ങൾ ഉൾക്കൊള്ളാൻ തയ്യാറല്ല.
ആഹ്വാനം ചെയ്തവർക്ക് പോലും എന്തിനാണ് പണിമുടക്ക് എന്ന് അറിയില്ല. ജനത്തിന് മനസ്സിലാവുന്ന കാരണവുമില്ല. സ്വകാര്യ-പൊതു വാഹനങ്ങൾ തടഞ്ഞാൽ പൊലീസ് നടപടി ഉണ്ടാകണം. പണിമുടക്കുന്നവർക്കെതിരെ ഡയസ് നോൺ നടപ്പാക്കണം. അക്രമങ്ങളിലും പണിമുടക്ക് മൂലം സംസ്ഥാനത്തിനും ഉണ്ടാകുന്ന നഷ്ടം പണിമുടക്ക് ആഹ്വാനം ചെയ്ത സംഘടനകളിൽ നിന്നും നേതാക്കളിൽ നിന്നും ഈടാക്കണമെന്നും രാജീവ് ചന്ദ്രശേഖറും, എംടി രമേശും ആവശ്യപ്പെട്ടു.
അതിനിടെ ഇടതുപക്ഷത്തിൻ്റെ ദേശീയം എന്നാൽ കാസർകോട് മുതൽ തിരുവനന്തപുരം വരെയാണെന്ന ട്രോളുകളുമായി സാമൂഹ്യ മാധ്യമങ്ങളിൽ പരിഹാസമാണ്. ക്രിമിനലുകളായ അണികൾക്കും നേതാക്കൾക്കും അഴിഞ്ഞാടാൻ അവസരം ഒരുക്കുന്ന സർക്കാർ സ്പോൺസേർഡ് പണിമുടക്കാണ് ഇതെന്നും ആക്ഷേപമുണ്ട്.