ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയുടെ ഭാഗമായി തൃശ്ശൂർ ജില്ലാ ഭരണകൂടവും വനിതാ ശിശു വികസന വകുപ്പും കനൽ ഇന്നോവേഷൻസും സംയുക്തമായി ‘പേരൻ്റ് അപ്പ്’ ക്യാമ്പയിന് തുടക്കം കുറിച്ചു. ജി.വി.എച്ച്.എസ്.എസ് പഴഞ്ഞി സ്കൂളിൽ ജില്ലാ തല ഉദ്ഘാടനം ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിച്ചു.
വ്യക്തി ബന്ധങ്ങൾ, കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യ വെല്ലുവിളികളെ എങ്ങനെ ശാസ്ത്രീയമായി നേരിടാം എന്ന് തുടങ്ങി ജനാധിപത്യപരമായ ശിശു പരിപാലനത്തിൻ്റെ വിവിധ വശങ്ങൾ ഉൾക്കൊണ്ട് രക്ഷിതാക്കൾക്കായി ആരംഭിച്ച പ്രത്യേക പരിശീലന പരിപാടിയാണ് പേരൻ്റ് അപ്പ് ക്യാമ്പയിൻ. തൃശ്ശൂർ ജില്ലയിൽ ഉടനീളം 100 പരിശീലന പരിപാടികളിലൂടെ 8500 ൽ അധികം രക്ഷിതാക്കളാണ് ഈ പദ്ധതിയുടെ ഭാഗമാവുക.
കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രേഷ്മ ഇ.എസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പത്മം വേണുഗോപാൽ മുഖ്യാതിഥിയായി. വനിത, ശിശുവികസന ഓഫീസർ മീര പി, പ്രിൻസിപ്പാൾ വെങ്കിടമൂർത്തി കെ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ ജനീർലാൽ, ഹെഡ്മിസ്ട്രസ് മേഴ്സി മാത്യു, പി.ടി.എ പ്രസിഡൻ്റ് സാബു ഐനൂർ, സി.ഡി.പി.ഒ ചൊവ്വന്നൂർ അഡീഷണൽ ഐ.സി.ഡി.എസ് ജയശ്രീ, പി.ടി.എ വൈസ് പ്രസിഡൻ്റ് പ്രീത അരവിന്ദ്, സ്കൂൾ കൗൺസലർ ശാരി വി തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ പഴഞ്ഞി സ്കൂൾ വിദ്യാർഥികളായ ആദിദേവും അമൃതയും കളക്ടർക്ക് ഛായാചിത്രം സ്നേഹ സമ്മാനമായി നൽകി. തുടർന്ന് പേരൻ്റ് അപ് കോഡിനേറ്റർ ഉബൈദുള്ള എഫ് രക്ഷിതാക്കൾക്ക് ക്ലാസ്സ് എടുത്തു.